അടുത്ത രഞ്ജി ട്രോഫി സീസൺ ജനുവരി 13 മുതൽ ആരംഭിക്കും. ടീമുകളെ 6 ഗ്രൂപ്പുകളാക്കി തിരിച്ചാവും മത്സരങ്ങൾ. ടീമുകൾ അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറൻ്റീൻ കാലാവധി പൂർത്തിയാക്കിയതിനു ശേഷം രണ്ട് ദിവസത്തെ പരിശീലനത്തിന് അനുവദിക്കും. ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ, ചെന്നൈ, തിരുവനന്തപുരം, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇക്കൊല്ലത്തെ രഞ്ജി ട്രോഫി റദ്ദാക്കിയിരുന്നു. (ranji trophy january 13)
6 ടീമുകളുള്ള അഞ്ച് എലീറ്റ് ഗ്രൂപ്പുകളും 8 ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് രഞ്ജി ട്രോഫിയിൽ പങ്കെടുക്കുക. എലീറ്റ് എ ഗ്രൂപ്പിൽ ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, സർവീസസ്, അസം എന്നീ ടീമുകൾ കളിക്കും. മുംബൈയിലാണ് മത്സരങ്ങൾ. ബെംഗാൾ, വിദർഭ, രാജസ്ഥാൻ, ഹരിയാന, ത്രിപുര എന്നിവരടങ്ങുന്ന എലീറ്റ് ബി ഗ്രൂപ്പിലാണ് കേരളം. ബെംഗളൂരുവിൽ മത്സരങ്ങൾ നടക്കും. മരണഗ്രൂപ്പായ ഗ്രൂപ്പ് സിയിൽ കർണാടക, ഡൽഹി, മുംബൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ ടീമുകൾ കളിക്കും. കൊൽക്കത്തയാണ് വേദി. അഹ്മദാബാദിലാണ് എലീറ്റ് ഗ്രൂപ്പ് ഡിയുടെ മത്സരങ്ങൾ. സൗരാഷ്ട്ര, തമിഴ്നാട്, റെയിൽവേയ്സ്, ജമ്മുകശ്മീർ, ഝാർഖണ്ഡ്, ഗോവ എന്നീ ടീമുകൾ ഈ ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടും. ആന്ധ്രപ്രദേശ്, ഉത്തർ പ്രദേശ്, ബറോഡ, ഒഡീഷ, ഛത്തീസ്ഗഡ്, പോണ്ടിച്ചേരി എന്നീ ടീമുകളടങ്ങിയ എലീറ്റ് ഗ്രൂപ്പ് ഇയിലെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. ഛണ്ഡീഗഡ്, മേഘാലയ, ബീഹാർ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, സിക്കിം, അരുണാചൽ പ്രദേശ് എന്നീ ടീമുകളാണ് പ്ലേറ്റ് ഗ്രൂപ്പിലുള്ളത്. മത്സരങ്ങൾ ചെന്നൈയിൽ നടക്കും.
നോക്കൗട്ട് മത്സരങ്ങൾ കൊൽക്കത്തയിലാണ് നടക്കുക. ഫെബ്രുവരി 20 മുതലാണ് നോക്കൗട്ട് മത്സരങ്ങൾ. നോക്കൗട്ടിനെത്തുന്ന ടീമുകൾ വീണ്ടും അഞ്ച് ദിവസം ക്വാറൻ്റീനിൽ കഴിയണം. ക്വാർട്ടർ ഫൈനലുകൾ ഫെവ്രുവരി 28 മുതൽ മാർച്ച് മൂന്ന് വരെയും സെമി ഫൈനലുകൾ മാർച്ച് 8 മുതൽ 12 വരെയും നടക്കും. മാർച്ച് 16-20 തീയതികളിൽ കൊൽക്കത്തയിലാണ് ഫൈനൽ.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 മത്സരങ്ങൾ നവംബർ 4ന് ആരംഭിക്കും. ലക്നൗ, ഗുവാഹത്തി, ബറോഡ, ഡൽഹി, ഹരിയാന, വിജയവാഡ എന്നിവിടങ്ങളിലാവും മത്സരങ്ങൾ. വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ ഡിസംബർ 8 മുതൽ 27 വരെയാണ് നടക്കുക.