Cricket

പിഎസ്എലിൽ റെക്കോർഡ് ചേസ്; 241 റൺസ് പിന്തുടർന്ന് വിജയിച്ചത് 10 പന്തുകൾ ബാക്കിനിൽക്കെ

പാകിസ്താൻ സൂപ്പർ ലീഗിൽ റെക്കോർഡ് ചേസ്. ബാബർ അസമിൻ്റെ പെഷവാർ സാൽമി മുന്നോട്ടുവച്ച 241 റൺസിൻ്റെ വിജയലക്ഷ്യം 10 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മറികടന്നു. പെഷവാർ സാൽമിക്കായി ബാബർ അസമും ക്വെറ്റയ്ക്കായി ജേസ റോയും സെഞ്ചുറികൾ നേടി. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണ് ഇന്നലെ നടന്നത്. (Quetta Gladiators PSL Peshawar)

സീസണിലെ കണ്ടുപിടുത്തമായ സൈം അയൂബും ബാബർ അസവും ചേർന്ന് മിന്നും തുടക്കമാണ് പെഷവാറിനു നൽകിയത്. സൈം അയൂബ് പതിവുപോലെ തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചപ്പോൾ ബാബറും വിട്ടുകൊടുത്തില്ല. 24 പന്തിൽ അയൂബും 32 പന്തിൽ ബാബറും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷവും സഖ്യം ആക്രമണം തുടർന്നു. 162 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ 34 പന്തുകൾ നേരിട്ട് 74 റൺസ് നേടിയ അയൂബ് മടങ്ങി. 6 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതാണ് അയൂബിൻ്റെ ഇന്നിംഗ്സ്. 60 പന്തിൽ ബാബർ തൻ്റെ ടി-20 കരിയറിലെ എട്ടാം സെഞ്ചുറി തികച്ചു. 65 പന്തിൽ 15 ബൗണ്ടറിയും 3 സിക്സറും സഹിതം 115 റൺസ് നേടിയ ബാബർ അവസാന ഓവറിൽ റണ്ണൗട്ടാവുകയായിരുന്നു. റോവ്മൻ പവൽ (18 പന്തിൽ 35), കോഹ്ലർ കാഡ്‌മോർ (3 പന്തിൽ 7) എന്നിവരുടെ ഇന്നിംഗ്സ് കൂടി ആയപ്പോൾ തങ്ങളുടെ ഏറ്റവും ഉയർന്ന പിഎസ്എൽ സ്കോർ ആണ് പെഷവാർ കണ്ടെത്തിയത്.

മറുപടി ബാറ്റിംഗിൽ ക്വെറ്റയും നന്നായി തുടങ്ങി. ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ച് തുടങ്ങിയ റോയ് പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 8 പന്തിൽ 21 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിൽ മൂന്നാം ഓവറിൽ മടങ്ങിയെങ്കിലും റോയ് തുടർ ബൗണ്ടറികളുമായി പെഷവാറിനെ കടന്നാക്രമിച്ചു. മറുപുറത്ത് വിൽ സ്‌മീദിനെ കാഴ്ചക്കാരനാക്കി റോയ് കത്തിക്കയറി. 22 പന്തിൽ റോയ് ഫിഫ്റ്റി തികച്ചു. രണ്ടാം വിക്കറ്റിൽ സ്‌മീദുമൊത്ത് 109 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ വിൽ സ്‌മീദിൻ്റെ സംഭാവന വെറും 26 റൺസ്. നാലാം നമ്പറിൽ മുഹമ്മദ് ഹഫീസ് എത്തിയതോടെ ഇരു വശത്തുനിന്നും റൺസൊഴുകി. വെറും 44 പന്തിൽ റോയ് സെഞ്ചുറിയിലെത്തി. 93 റൺസ് നീണ്ട അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് റോയും ഹഫീസും പങ്കാളികളായത്. 18.2 ഓവറിൽ ഇരുവരും ചേർന്ന് കളി തീർത്തു. 18 പന്തിൽ 6 ബൗണ്ടറിയും രണ്ട് സിക്സറും അടക്കം 41 റൺസ് നേടിയ മുഹമ്മദ് ഹഫീസും 63 പന്തുകൾ നേരിട്ട് 20 ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 145 റൺസ് നേടിയ ജേസൻ റോയും നോട്ടൗട്ടാണ്.