അച്ചടക്ക ലംഘനത്തിന് വെസ്റ്റ്ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരണ്‍ പൊള്ളാര്‍ഡിന് പിഴ ശിക്ഷ. പുറമെ ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. അമ്പയര്‍മാരെ അനുസരിക്കാത്തതാണ് പൊള്ളാര്‍ഡിന് വിനയായത്. മാച്ച് ഫീയുടെ 20 ശതമാനം പിഴ അടക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്ത്യക്കെതിരായ രണ്ടാം ടി20യിലാണ് ശിക്ഷക്ക് വിധേയമായ സംഭവം നടന്നത്. ഫീല്‍ഡ് ചെയ്യാനായി പകരക്കാരനെ വേണമെന്ന് പൊള്ളാര്‍ഡ് അമ്പയറോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഓവര്‍ തീരുന്നത് വരെ കാത്തിരിക്കാന്‍ പറഞ്ഞെങ്കിലും പൊള്ളാര്‍ഡ് അനുസരിച്ചില്ല. അതേസമയം തെറ്റ് സമ്മതിക്കാത്തതിനാല്‍ പൊള്ളാര്‍ഡിനെ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്നാണ് പിഴശിക്ഷ വിധിച്ചത്.
നേരത്തെ ഇന്ത്യന്‍ പേസ് ബൌളര്‍ നവ്ദീപ് സെയ്‌നിക്കും ഡിമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. വിക്കറ്റ് ലഭിച്ചതിന് പിന്നാലെയുള്ള അതിരുവിട്ട ആഘോഷമാണ് താരത്തിന് വിനയായത്. എന്നാല്‍ തന്റെ തെറ്റ് സെയ്‌നി സമ്മതിച്ചതിനാല്‍ പിഴശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.