Cricket Sports

പിങ്ക് ബോള്‍ ടെസ്റ്റ് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ടു മണിവരെ; കാരണം ഇതാണ്

കൊല്‍ക്കത്ത: ഇന്ത്യ – ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റിലെ ഓരോ ദിവസത്തെയും മത്സരം നേരത്തെ തുടങ്ങി രാത്രി എട്ടു മണിക്ക് അവസാനിപ്പിച്ചേക്കും. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഞ്ഞുകാലം ആരംഭിച്ചതിനാല്‍ സന്ധ്യ കഴിഞ്ഞുള്ള മഞ്ഞുവീഴ്ച മത്സരത്തെ ബാധിക്കുമെന്നതിനാലാണ് ബി.സി.സി.ഐ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്.

മത്സരം നേരത്തെ ആരംഭിച്ച്‌ എട്ട് മണിക്ക് അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ (സി.എ.ബി) അപേക്ഷ ബി.സി.സി.ഐ അംഗീകരിച്ചു. മത്സരം ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങി എട്ടുമണിക്ക് അവസാനിപ്പക്കണമെന്നായിരുന്നു സി.എ.ബിയുടെ അപേക്ഷ. നവംബര്‍ 22 മുതല്‍ 26 വരെയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റ്.

ഓരോ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ആദ്യ സെഷന്‍ വൈകീട്ട് മൂന്നു മണിയോടെ പൂര്‍ത്തിയാകും. 3:40 മുതല്‍ 5:40 വരെയാണ് രണ്ടാം സെഷന്‍. വൈകീട്ട് ആറു മുതല്‍ രാത്രി എട്ടു മണി വരെ മൂന്നാം സെഷനും നടക്കും.

കൊല്‍ക്കത്തയിലെ മഞ്ഞുവീഴ്ച മുന്‍നിര്‍ത്തി മത്സരം നേരത്തെ ആരംഭിക്കണമെന്ന് ഈഡന്‍ ഗാര്‍ഡന്‍സ് ക്യുറേറ്റര്‍ സുജന്‍ മുഖര്‍ജി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. സന്ധ്യയ്ക്കു ശേഷമുള്ള മഞ്ഞുവീഴ്ച കാരണം പിച്ചിലും മൈതാനത്തുമുണ്ടാകുന്ന ഈര്‍പ്പം മത്സരത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. പന്തിലെ നനവ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും ബുദ്ധിമുട്ടാകും.

അതേസമയം ഈര്‍പ്പം മത്സരത്തെ ബാധിക്കാതിരിക്കാനുള്ള ഒരുക്കങ്ങളും സി.എ.ബി നടത്തുന്നുണ്ട്. മൈതാനത്തെ പുല്ലിലെ ഈര്‍പ്പം തടയാനുള്ള പ്രത്യേക സ്‌പ്രേകളും ഒരുക്കിയിട്ടുണ്ട്.