സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബി.സി.സി.ഐയുടെ കടുത്ത നടപടി നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി. പരസ്യ വിപണിയിലെ വിലയേറിയ താരങ്ങളിലൊരാളായ പാണ്ഡ്യയെ കമ്പനികള്‍ കയ്യൊഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷേവിങ് ഉല്‍പ്പന്നങ്ങളുടെ കമ്പനിയായ ജില്ലെറ്റ് മാച്ച്3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കമ്പനിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
ഇതേസമയം, പാണ്ഡ്യയുടെയും കെ.എല്‍ രാഹുലിന്‍റെയും മറ്റ് സ്പോണ്‍സര്‍മാരും പരസ്യ കരാറുകള്‍ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് സൂചനകള്‍. ഏഴു ബ്രാന്‍ഡുകളുമായാണ് പാണ്ഡ്യ നിലവില്‍ സഹകരിക്കുന്നത്. മറ്റു ബ്രാന്‍ഡുകള്‍ കൂടി സമാന നടപടി സ്വീകരിച്ചാല്‍ ഇരുതാരങ്ങളുടെയും പരസ്യമൂല്യം ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കരണ്‍ ജോഹറിന്‍റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ സ്ത്രീ വിരുദ്ധമായ രീതിയിലുള്ള പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ഇരുതാരങ്ങള്‍ക്കുമെതിരെ ബി.സി.സി.ഐ നടപടി സ്വീകരിച്ചത്. ഇരുവരേയും വിമര്‍ശിച്ച് ക്യാപ്റ്റൻ കൊഹ്‍ലിയും രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പറ്റാത്ത അഭിപ്രായ പ്രകടനമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കൊഹ്‍ലി വിമർശിച്ചിരുന്നു.
വിഷയത്തില്‍ ക്ഷമാപണം നടത്തി പാണ്ഡ്യ രംഗത്ത് എത്തിയിരുന്നെങ്കിലും രംഗം ശാന്തമായിരുന്നില്ല. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ക്രിക്കറ്റ് ഭരണ സമിതി അംഗങ്ങളായ വിനോദ് റായിയും ഡയാന എഡുള്‍ജിയും ആവശ്യപ്പെട്ടിരുന്നു.