പോച്ചെഫ്സ്ട്രൂം: 19 വയസ്സിൽ താഴെയുള്ളവരെ ഏകദിന ലോകകപ്പ് സെമിയിൽ ടോസ് നഷ്ടമായി ആദ്യം പന്തെറിയുന്ന ഇന്ത്യക്ക് മികച്ച തുടക്കം. 35 റൺസിനിടെ രണ്ട് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്.
സുശാന്ത് മിശ്ര എറിഞ്ഞ രണ്ടാം ഓവറിലെ അവസാനപന്തിൽ ദിവ്യാൻഷ് സക്സേനക്ക് ക്യാച്ച് നൽകി പാക് ഓപണർ മുഹമ്മദ് ഹുറൈറയാണ് (4) മടങ്ങിയത്. സ്പിന്നർ രവി ബിഷ്ണോയ് എറിഞ്ഞ ഒമ്പതാം ഓവറിൽ വൺഡൗൺ ബാറ്റ്സ്മാൻ ഫഹദ് മുനീറിനും (0) പിഴച്ചു. 16 പന്തിൽ ഒരു റൺപോലും എടുക്കാൻ കഴിയാതിരുന്ന ഫഹദ് പോയിന്റിൽ അങ്കോൽക്കറിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
പത്ത് ഓവർ പിന്നിടുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 36 എന്ന നിലയിലാണ് പാകിസ്താൻ. ഹൈദർ അലി (25 നോട്ടൗട്ട്), റൊഹൈൽ നാസർ (0) എന്നിവരാണ് ക്രീസിൽ.
ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ചിരവൈരികളായ ഇന്ത്യ, പാകിസ്താൻ ടീമുകൾ സെമിഫൈനൽ വരെ മുന്നേറിയത്. കളിച്ച നാല് മത്സരങ്ങളിലും ഇന്ത്യ എതിരാളികളുടെ മുഴുവൻ വിക്കറ്റും പിഴുതു. രവി ബിൻഷോയിയും കാർത്തിക് ത്യാഗിയും മികച്ച ഫോമിലാണ്. ബാറ്റ്സ്മാൻമാരിൽ ഓപ്പണർ യശ്വി ജെയ്സ്വാൾ പാകിസ്താന് വെല്ലുവിളി ഉയർത്തും. ശക്തരായ ആസ്ത്രേലിയയെ ക്വാർട്ടറിൽ വീഴ്ത്തിയാണ് ഇന്ത്യ അവസാന നാലിലെത്തിയത്.
ക്വാർട്ടറിൽ അഫ്ഗാനെ തോൽപ്പിച്ചെത്തുന്ന പാകിസ്താനും മോശക്കാരല്ല, ബൗളിങ് തന്നെയാണ് അവരുടെയും കരുത്ത്. 4 മത്സരങ്ങളിൽ 39 വിക്കറ്റുകൾ അവർ എറിഞ്ഞു വീഴ്ത്തി. ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം തടസപ്പെട്ടത് കൊണ്ട് മാത്രമാണ് ഒരു വിക്കറ്റ് ലഭിക്കാതെ പോയത്. സീമർ താഹിർ ഹുസൈൻ മികച്ച ഫോമിലാണ്.