Cricket Sports

ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയെങ്കിലും ICC റാങ്കിങ്ങില്‍ ഒന്നില്‍ എത്തിയില്ല; തലപ്പത്ത് പാകിസ്താന്‍ തന്നെ

ഏഷ്യാ കപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടെങ്കിലും ഐസിസി റാങ്കിങ് തലപ്പത്ത് എത്താന്‍ ടീമിന് കഴിഞ്ഞില്ല. ഫൈനല്‍ കാണാതെ പുറത്തായ പാകിസ്താന്‍ ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നേരിയ വ്യത്യാസത്തിലാണ് പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തിയത്.(Pakistan remain top-ranked ODI side despite India’s Asia Cup victory)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ഓസ്ട്രേലിയ പരാജയപ്പെട്ടതും പാകിസ്താന് ഗുണമായി. അസാന മത്സരത്തിന് മുമ്പ് 115 പോയിന്റാണ് ഓസീസിന് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ചാം ഏകദിനം ഓസീസ് തോറ്റതോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി. 113 പോയിന്റാണ് ഓസീസിന്. ഇന്ത്യക്കും പാകിസ്താനും 115 പോയിന്റാണുള്ളത്.

ഓസീസിനതെിരെ പരമ്പര നേട്ടത്തോടെ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. അഞ്ചാമതുള്ള ഇംഗ്ലണ്ടിന് 105 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് 106 പോയിന്റുണ്ട്. ന്യൂസിലന്‍ഡ് (100), ബംഗ്ലാദേശ് (94), ശ്രീലങ്ക (92), അഫ്ഗാനിസ്ഥാന്‍ (80), വെസ്റ്റ് ഇന്‍ഡീസ് (68) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.

ഏഷ്യാകപ്പ് ഫൈനലില്‍ 10 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 15.2 ഓവറില്‍ 50ന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ വിജയം കണ്ടു. ഓസ്ട്രേലിയക്കെതിരെ നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ 122 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് സ്വന്തമാക്കുകയും ചെയ്തു.