ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് പാക് കായിക മന്ത്രി എഹ്‌സന്‍ മസാരി വ്യക്തമാക്കി.
പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ ഇന്ത്യ നിഷ്പക്ഷ വേദി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഷ്യാകപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പിനും നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താമെങ്കില്‍ എന്തുകൊണ്ട് പാകിസ്താന്റെ ലോകകപ്പ് മത്സരങ്ങളും നിഷ്പക്ഷ വേദിയില്‍ നടത്തിക്കൂടാ എന്ന് മസാരി ചോദിച്ചു. ഇക്കാര്യ ഐസിസി യോഗത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആക്റ്റിങ് ചെയര്‍മാന്‍ സാക്ക അഷ്റഫ് അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഏഷ്യാകപ്പ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ നടക്കും. പാകിസ്താനില്‍ നാല് മത്സരങ്ങളും ശ്രീലങ്കയില്‍ ഒന്‍പത് മത്സരങ്ങളുമാണ് നടക്കുന്നത്.