പാകിസ്താനില്‍ വിരുന്നെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ നടന്ന ഭീകരാക്രമണം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അനുഭവങ്ങളിലൊന്നാണ്. ഈ സംഭവം വലിയ തോതില്‍ പിന്നീട് പാക് ക്രിക്കറ്റിന് ബാധിക്കുകയും ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ പിന്നീട് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ വേദിയായത്. ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും പാകിസ്താനിലേക്കെത്തുന്നത് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും.
വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് സ്വന്തം നാട്ടിലേക്കെത്തുമ്പോള്‍ പാകിസ്താന് ഏറ്റവും നന്ദിയും കടപ്പാടുമുള്ളത് ശ്രീലങ്കയോടാണ്. ഒരിക്കല്‍ ഭീകരാക്രമണം നേരിട്ട് അനുഭവിക്കേണ്ടി വന്ന ശ്രീലങ്ക തന്നെ പാകിസ്താനില്‍ രണ്ട് ടെസ്റ്റുകളുള്ള പരമ്പര കളിക്കാന്‍ സമ്മതം അറിയിച്ചിരിക്കുകയാണ്. പത്തുവര്‍ഷത്തെ ഭീകരാക്രമണ അനുഭവത്തിന് ശേഷം ആദ്യമായി പാകിസ്താനില്‍ ടെസ്റ്റ് കളിക്കുന്ന ടീമായും ഇതോടെ ലങ്ക മാറും.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ വൈകാരികമായാണ് മുന്‍ പാക് ക്യാപ്റ്റന്‍ന്മാരായ ഷൊഹൈബ് മാലിക്കും ഷഹീദ് അഫ്രീദിയും സ്വാഗതം ചെയ്തത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനൊപ്പം ടെസ്റ്റ് തിരിച്ചുകൊണ്ടുവരാന്‍ പാക് ബോര്‍ഡ് നടത്തിയ ശ്രമങ്ങളേയും അഫ്രീദി അഭിനന്ദിച്ചു. ആദ്യ ടെസ്റ്റ് റാവല്‍ പിണ്ടിയിലും രണ്ടാം ടെസ്റ്റ് 19ന് കറാച്ചിയിലുമാണ്.