Cricket Sports

ഇനി ഐപിഎലിൽ മെഗാ താരലേലം ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

ഐപിഎലിൽ ഇനി മുതൽ മെഗാ താര ലേലങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. 2022 സീസനു മുന്നോടിയായി നടക്കുന്ന ലേലമാവും അവസാനത്തേതെന്നും ഇനി മെഗാ ലേലം ഉണ്ടാവില്ലെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 സീസണു മുൻപുള്ള മെഗാ ലേലം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ട്. (no ipl mega auction)

അടുത്ത സീസൺ മുതൽ 10 ടീമുകളാണ് ഉണ്ടാവുക. നിലവിലുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടതോടെ പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്ക് മൂന്ന് താരങ്ങളെ വീതം ലേലത്തിനു മുൻപ് ടീമിലെത്തിക്കാനാവും. അങ്ങനെയെങ്കിൽ റാഷിദ് ഖാൻ, കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ, ബെൻ സ്റ്റോക്സ് തുടങ്ങിയ താരങ്ങളൊക്കെ ലേലത്തിനു മുൻപ് തന്നെ രണ്ട് ടീമുകളിലുമായി എത്തിയേക്കും.

നായകൻ എം എസ് ധോണി ഉൾപ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്‌ക്‌വാദ്, മൊയീൻ അലി എന്നിവരെയാണ് ചെന്നൈ നിലനിർത്തിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ, മുഹമ്മദ് സിറാജ് എന്നിവരെയാണ് നിലനിർത്തിയത്. രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ ഒന്നാമത്തെ കളിക്കാരനായി നിലനിർത്തി. കൂടാതെ ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് രാജസ്ഥാൻ നിലനിർത്തിയ മറ്റു കളിക്കാർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആന്ദ്രെ റസൽ, വെങ്കടേഷ് അയ്യർ, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവരെയാണ് നിലനിർത്തിയത്.

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത്, അക്സർ പട്ടേൽ, പൃഥ്വി ഷാ, ആൻറിച്ച് നോർക്കിയ എന്നിവരെ നിലനിർത്തി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെ നിലനിർത്തി.

സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ഉമ്രാൻ മാലിക്ക്, അബ്ദുൾ സമദ് എന്നിവരെ നിലനിർത്തി. പഞ്ചാബ് കിംഗ്സ് മായങ്ക് അഗർവാളിനെയും അർഷ്ദീപ് സിംഗിനെയും നിലനിർത്തി.