ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന ആ തീരുമാനം പുറത്തുവന്നിരിക്കുന്നു. എബി ഡിവില്ലിയേഴ്‌സ് ഇനി ദേശീയ ജഴ്‌സിയണിയില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അധികൃതർ വ്യക്തമാക്കി. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഡിവില്ലിയേഴ്‌സ് കളിക്കുമെന്ന വാർത്തകൾ അധികൃതർ തള്ളിക്കളഞ്ഞു. അടുത്ത മാസങ്ങളിൽ നടക്കുന്ന വെസ്റ്റിൻഡീസ്, അയർലൻഡ് പരമ്പരകൾക്കായുള്ള ടീമുകളെ പ്രഖ്യാപിക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. തിരിച്ചുവരവിനെക്കുറിച്ച് ടീം കോച്ച് മാർക്ക് ബൗച്ചറുമായി താരം ചർച്ച നടത്തിയിരുന്നെങ്കിലും വിരമിക്കൽ പിൻവലിക്കുന്നില്ലെന്നാണ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ഇത്തവണ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി അപാര ഫോമിലായിരുന്നു ഡിവില്ലിയേഴ്‌സ്. പ്രായമോ ഇടവേളയോ ഒന്നും ബാധിച്ചതായി പോലും തോന്നാത്ത തരത്തിൽ മിക്ക കളികളിലും ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണായകമായ ഇന്നിങ്‌സാണ് താരം കളിച്ചത്. ഇതിനു പിറകെയാണ് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുള്ള ചർച്ച പൊങ്ങിവന്നത്. ബൗച്ചറുമായി ഡിവില്ലിയേഴ്‌സ് നടത്തിയ ചർച്ചകളും ക്രിക്കറ്റ് ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. ക്രിക്കറ്റ് മൈതാനത്ത് ബാറ്റ് കൊണ്ട് ‘360 ഡിഗ്രി’ വിസ്മയം തീർക്കാൻ എബിഡി വീണ്ടുമെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ, ഈ പ്രതീക്ഷകൾക്കുമേലാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ അന്തിമ പ്രഖ്യാപനം വരുന്നത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന, ടി20 മത്സരങ്ങൾ നയിക്കാൻ പുതിയ ക്യാപ്റ്റനെയാണ് ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്തിരിക്കുന്നത്. ഡീൻ എൽഗാറാണ് പുതിയ നായകൻ. ഒാഫ്‌സ്പിന്നർ പ്രനേളൻ സുബ്രായൻ, സീമർ ലിസാർഡ് വില്യംസ് എന്നീ പുതുമുഖങ്ങൾക്കും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.