ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസീലൻഡ് 296 റൺസിന് എല്ലാവരും പുറത്ത്. 5 വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലാണ് കിവീസിനെ തകർത്തത്. 95 റൺസെടുത്ത ടോം ലതം കിവീസ് ടോപ്പ് സ്കോററായപ്പോൾ വിൽ യങും (89) തിളങ്ങി. ഓപ്പണർമാരെക്കൂടാതെ വേറെ ഒരാൾക്കും ന്യൂസീലൻഡ് നിരയിൽ തിളങ്ങാനായില്ല. ഓപ്പണർമാർ കഴിഞ്ഞാൽ 23 റൺസെടുത്ത 8ആം നമ്പർ താരം കെയിൽ ജമീസൺ ആണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി അക്സർ പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി. നിലവിൽ ഇന്ത്യക്ക് 49 റൺസ് ലീഡാണ് ഉള്ളത്. (newzealand 296 allout india)
ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 197 റൺസെന്ന ശക്തമായ നിലയിലായിരുന്നു ന്യൂസീലൻഡ്. എന്നാൽ, രണ്ടാം സെഷനിൽ ഇന്ത്യ തിരിച്ചടിച്ചു. സ്പിന്നർമാർ തകർത്തെറിഞ്ഞപ്പോൾ ന്യൂസീലൻഡ് വിറച്ചു. റോസ് ടെയ്‌ലറാണ് ഉച്ചക്കു ശേഷം ആദ്യം മടങ്ങിയത്. 11 റൺസെടുത്ത ടെയ്‌ലറെ അക്സറിൻ്റെ പന്തിൽ കെഎസ് ഭരത് പിടികൂടി. ഹെൻറി നിക്കോൾസ് (2) അക്സറിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി വേഗം മടങ്ങിയപ്പോൾ ടോം ലതം സെഞ്ചുറിക്ക് അഞ്ച് റൺസകലെ വീണു. ലതമിനെ അക്സറിൻ്റെ പന്തിൽ ഭരത് പിടികൂടുകയായിരുന്നു. ചെറുത്തുനിൽക്കാൻ ശ്രമിച്ച രചിൻ രവീന്ദ്ര (13) ജഡേജയുടെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. ടോം ബ്ലണ്ടലിനെയും (13) ടിം സൗത്തിയെയും (5) ക്ലീൻ ബൗൾഡാക്കിയ അക്സർ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ക്ഷമയോടെ ചെറുത്തുനിന്ന ജമീസൺ (23) ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചെങ്കിലും താരത്തെ അശ്വിൻ അക്സറിൻ്റെ കൈകളിലെത്തിച്ചു. പിടിച്ചുനിന്ന വില്ല്യം സോമർവില്ലിൻ്റെ (6) കുറ്റി പിഴുത അശ്വിൻ ന്യൂസീലൻഡിൻ്റെ അവസാന വിക്കറ്റും വീഴ്ത്തി.
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടിയ ശ്രേയാസ് അയ്യരാണ് (105) ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ (52), രവീന്ദ്ര ജഡേജ (50) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ന്യൂസീലൻഡിനായി ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ കെയിൽ ജമീസൺ മൂന്നും അജാസ് പട്ടേൽ രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി.