Cricket Sports

കിവീസ് വീണ്ടും പടിക്കല്‍ കലമുടച്ചു; ടി20 പരമ്പര ഇന്ത്യ തൂത്തുവാരി

ഏഴ് റണ്‍സ് വിജയത്തോടെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 5-0ത്തിന് തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് എടുത്തത്. മറുപടിക്കിറങ്ങിയ ന്യൂസിലന്റിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി.

ജയിക്കുമെന്ന് തോന്നിപ്പിച്ച് തോല്‍ക്കുന്ന പതിവ് കിവീസ് ആവര്‍ത്തിച്ചതോടെ ഇന്ത്യ തോല്‍വിയറിയാതെ ടി20 പരമ്പര സ്വന്തം പേരിലാക്കി. രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങി പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് വേണ്ടത് 60 പന്തില്‍ 66 റണ്‍. ശിവം ദുബെ എറിഞ്ഞ പത്താം ഓവറില്‍ 34 റണ്‍സാണ് ടെയ്‌ലറും സെയ്‌ഫെര്‍ട്ടും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 15 ഓവറിനുള്ളില്‍ കളി ന്യൂസിലന്റ് തീര്‍ക്കുമെന്ന് തോന്നിപ്പിച്ചിടത്തു നിന്നും സെയ്ഫര്‍ട്ടിനെ പുറത്താക്കി(30 പന്തില്‍ 50) ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത് സെയ്‌നി.