പേസര്‍മാരുടെ പറുദീസയായ വെല്ലിംങ്ടണില്‍ ആദ്യദിനം ബാറ്റിംങിനിറങ്ങാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി…
ന്യൂസിലാന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംങ് തകര്‍ച്ച. ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ ജമെയ്‌സണാണ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ തകര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ 5ന് 122 എന്ന നിലയിലെത്തിയപ്പോഴാണ് മഴ പെയ്തത്.
പേസര്‍മാരെ കയ്യയച്ചു സഹായിക്കുന്ന വെല്ലിംങ്ടണിലെ പിച്ചില്‍ ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), പുജാര(11), കോഹ്‌ലി(2), ഹനുമ വിഹാരി(7) എന്നിവരാണ് പുറത്തായത്. പുജാര, കോഹ്‌ലി, വിഹാരി എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയത് ജമൈയ്‌സണാണ്.
മഴയെ തുടര്‍ന്ന് കളി തടസപ്പെടുമ്പോള്‍ രഹാനെയും(38) പന്തു(10)മാണ് ക്രീസില്‍.