ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും. കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. രണ്ടു വർഷത്തേക്കാണ് നിയമനം. ഇതോടെ, 2021ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പു വരെ ശാസ്ത്രി പരിശീലകനായി തുടരും.
ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറു പേരിൽ ശാസ്ത്രി ഉൾപ്പെടെ അഞ്ചു പേരുമായി അഭിമുഖം നടത്തിയാണ് സമിതി ശാസ്ത്രിയിൽത്തന്നെ ഉറച്ചത്. പരിശീലക സ്ഥാനത്തേക്ക് ഏതാണ്ട് 2000 അപേക്ഷ ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശാസ്ത്രിക്ക് കീഴില്‍ ടീം സമീപ കാലത്ത് നേടിയ വിജയങ്ങളാണ് അദ്ദേഹത്തിന് ശക്തി പകര്‍ന്നത്. കൂടാതെ നായകന്‍ വിരാട് കോഹ്‍ലിക്കും ശാസ്ത്രി തുടരണമെന്നായിരുന്നു ആഗ്രഹം.
ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സോണ്‍, മുന്‍ ഓസിസ് താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, മുന്‍ വിന്‍ഡീസ് താരുവും അഫ്ഗാന്‍ ടീമിന്‍റെ പരിശീലകനുമായ ഫില്‍ സിമണ്‍സ് എന്നിവരായിരുന്നു പട്ടികയിലെ മറ്റ് പേരുകള്‍.