ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും. കപില്‍ ദേവിന്‍റെ അധ്യക്ഷതയിലുള്ള സമിതി ഇന്ന് മുംബൈയില്‍ അഭിമുഖം നടത്തുന്നുണ്ട്. അവസാന പട്ടികയിലുള്ള ആറ് പേരും ഇതില്‍ പങ്കെടുക്കും. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്കാണ് കൂടുതല്‍ സാധ്യത. അദ്ദേഹത്തിന് കീഴില്‍ ടീം സമീപ കാലത്ത് നേടിയ വിജയങ്ങളാണ് ഇതിന് ശക്തി പകരുന്നത്. കൂടാതെ നായകന്‍ വിരാട് കോഹ്‍ലിക്കും ശാസ്ത്രി തുടരണമെന്നാണ് ആഗ്രഹം.
ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സോണ്‍, മുന്‍ ഓസിസ് താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, മുന്‍ വിന്‍ഡീസ് താരുവും അഫ്ഗാന്‍ ടീമിന്‍റെ പരിശീലകനുമായ ഫില്‍ സിമണ്‍സ് എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകള്‍. കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്‍ക്‍വാദ് എന്നിവരടങ്ങുന്ന സമിതി ഈ ആറ് പേരുമായും അഭിമുഖം നടത്തും. ബി.സി.സി.ഐ ആസ്ഥാനത്താണ് അഭിമുഖം. ഇന്ന് തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.