രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്. 38 വയസുകാരനായ താരം ഇന്ത്യയുടെ ഓപ്പണറായിരുന്നു. ഇന്ത്യക്കായി 61 ടെസ്റ്റുകളും 17 ഏകദിനങ്ങളും 9 ടി-20കളും കളിച്ചിട്ടുള്ള മുരളി വിജയ് 2018ലാണ് അവസാനം ഇന്ത്യൻ ജഴ്സി അണിഞ്ഞത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ മുരളി വിജയ് വിരമിക്കൽ അറിയിച്ചു.
2008ലെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെയാണ് മുരളി വിജയ് ഇന്ത്യക്കായി അരങ്ങേറുന്നത്. വിദേശ പിച്ചുകളിൽ മികച്ചുനിന്ന താരം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറികൾ നേടി. ടെസ്റ്റിൽ 12 സെഞ്ചുറിയും 15 ഫിഫ്റ്റിയും സഹിതം 3982 റൺസ് സ്കോർ ചെയ്ത താരം ഏകദിനത്തിലും ടി-20യിലും പക്ഷേ, തിളങ്ങിയില്ല. ഒരു ഫിഫ്റ്റി മാത്രമാണ് താരം ഏകദിനത്തിൽ നേടിയത്. ആകെ 339 റൺസ്. ടി-20യിൽ താരത്തിന് ഒരു ഫിഫ്റ്റി പോലുമില്ല. 109 സ്ട്രൈക്ക് റേറ്റിൽ 169 റൺസാണ് രാജ്യാന്തര ടി-20യിൽ താരത്തിൻ്റെ സമ്പാദ്യം. എന്നാൽ, ഐപിഎലിൽ മുരളി വിജയ് ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിനായി രണ്ട് ഐപിഎൽ സെഞ്ചുറികൾ നേടിയ താരം കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനായിരുന്നു. 106 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2619 റൺസാണ് 121 സ്ട്രൈക്ക് റേറ്റിൽ താരം നേടിയത്.