പാക് പേസർ ഹാരിസ് റൗഫിനു തൻ്റെ ജഴ്സി സമ്മാനിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായി മഹേന്ദ്ര സിംഗ് ധോണി. തൻ്റെ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയാണ് ധോണി പാക് പേസർക്ക് സമ്മാനിച്ചത്. വിവരം ഹാരിസ് റൗഫ് തന്നെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചു. (dhoni haris rauf jersey)
തൻ്റെ ഓട്ടോഗ്രാഫ് സഹിതമാണ് ധോണി ജഴ്സി സമ്മാനിച്ചത്. ‘ഇതിഹാസ താരവും ക്യാപ്റ്റനുമായ ധോണി ഇത്രയും മനോഹരമായ സമ്മാനവും ജഴ്സിയും നൽകി. ഇപ്പോഴും ഈ ഏഴാം നമ്പർ നന്മയും കാരുണ്യവുമുള്ള മനസ് കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്നു.’- റൗഫ് കുറിച്ചു.
The legend & capt cool @msdhoni has honored me with this beautiful gift his shirt. The "7" still winning hearts through his kind & goodwill gestures. @russcsk specially Thank you so much for kind support. pic.twitter.com/XYpSNKj2Ia
— Haris Rauf (@HarisRauf14) January 7, 2022
അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചനയുണ്ട്. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്. കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ ചില മത്സരങ്ങൾ നടത്തുകയും കൊവിഡ് ബാധയെ തുടർന്ന് ടൂർണമെൻ്റ് നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി.
വരുന്ന സീസണിൽ 2 പുതിയ ടീമുകൾ ഉൾപ്പെടെ ആകെ 10 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക. അതുകൊണ്ട് തന്നെ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിലും മത്സരങ്ങളുടെ എണ്ണത്തിലുമൊക്കെ വ്യത്യാസമുണ്ടാവും. അതുകൊണ്ട് തന്നെ ഒരു നഗരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് സുരക്ഷിതമെന്ന് ബിസിസിഐ കരുതുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് രഞ്ജി ട്രോഫി അടക്കമുള്ള ടൂർണമെൻ്റുകൾ മാറ്റിവച്ചിരുന്നു. അതും ഈ തീരുമാനത്തെ സ്വാധീനിച്ചു. മുംബൈയിലെ വാംഖഡെ, ബ്രാബോൺ, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ നടക്കുക.
വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ വച്ചാവും ലേലം നടക്കുക. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല. ക്രിക്ക്‌ബസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതത്.