Cricket

 ‘ഇതാണ് പറ്റിയ സമയമെന്ന് എനിക്കറിയാം, പക്ഷേ….’; വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ധോണി 

ചെന്നൈ അഞ്ചാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടതോടെ ധോണി വിരമിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കനം വച്ചിരുന്നു. എന്നാല്‍ താന്‍ തത്ക്കാലം വിരമിക്കല്‍ പ്രഖ്യാപിക്കുന്നില്ലെന്ന് അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ധോണി. എളുപ്പമല്ലെങ്കിലും ഇനി ഒരു ഐപിഎല്‍ കൂടി മത്സരിക്കാന്‍ താന്‍ ശ്രമിക്കുമെന്നും തീരുമാനം എടുക്കാന്‍ തനിക്ക് ഇനിയും ഏഴ് മാസമുണ്ടെന്നും ധോണി പറഞ്ഞു. 

ഇതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പറ്റിയ സമയമെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ധോണി പറയുന്നു. വിരമിക്കുകയാണ് എന്നുള്ള തീരുമാനം ഇപ്പോള്‍ വളരെ എളുപ്പത്തില്‍ എടുക്കാവുന്നതേയുള്ളൂ. എന്നാല്‍ അത് ചെയ്യാനല്ല താന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. വരുന്ന 9 മാസം കഠിനാധ്വാനം ചെയ്ത് ഒരു ഐപിഎല്‍ കൂടി കളിക്കാന്‍ ശ്രമിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു തീരുമാനം എടുക്കാന്‍ ഇനിയും സമയമുണ്ടെന്നും ധോണി പറഞ്ഞു.

9 മാസം കഠിനാധ്വാനം ചെയ്യുക എന്നത് എന്റെ ശരീരത്തെ സംബന്ധിച്ച് തീരെ എളുപ്പമുള്ള കാര്യം ആയിരിക്കില്ലെന്നും തനിക്കറിയാമെന്ന് ധോണി പറയുന്നു. സിഎസ്‌കെയുടെ ആദ്യ കളിയില്‍ എല്ലാവരും എന്റെ പേര് വിളിക്കുന്നു. ഞാന്‍ വികാരഭരിതനാകുന്നു. എന്റെ കണ്ണൊക്കെ നിറയുന്നു. കുറച്ച് സമയം ഇതില്‍ നില്‍ക്കണം. ഞാന്‍ ഇതൊക്കെ ആസ്വദിക്കണം എന്ന് എനിക്ക് മനസിലായി.

രണ്ടാം ബാറ്റിംഗില്‍ മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ 171 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടത്. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സായിരുന്നു വേണ്ടത്. ജഡേജ ബൗണ്ടറി നേടിയാണ് ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചത്.