Cricket Sports

‘ഭൂമീ മാതാ സ്വയം മുറിവുണക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’

ലോകത്തുള്ള ഏതാണ്ട് എല്ലാ മനുഷ്യരുടേയും ചിന്തകളിലേക്കെങ്കിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചു കഴിഞ്ഞു. വലിയൊരു ശതമാനത്തിന് ഉറക്കം നഷ്ടമായിട്ട് തന്നെ ദിവസങ്ങളായി. കൂടുതല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് ലോകം പോവുമ്പോഴാണ് സ്വയം വിമര്‍ശനാത്മകമായ ട്വീറ്റുമായി രോഹിത്ത് ശര്‍മ്മ എത്തിയിരിക്കുന്നത്.

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഐ.പി.എല്ലും തുടങ്ങി ലോകത്തെ ഒട്ടു മിക്ക ക്രിക്കറ്റ് മത്സരങ്ങളും തടസപ്പെട്ടിരിക്കുകയാണ്. ജൂണില്‍ നടക്കേണ്ട ഒളിംപിക്‌സ് വരെയുള്ള എതാണ്ടെല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയാണ് കൊറോണ വൈറസിനെതിരെ ലോകം ഒറ്റകെട്ടായി പൊരുതുന്നത്. ഇതിനൊപ്പമാണ് കൊറോണ കാലത്ത് ഭൂമീ മാതാവ് സ്വയം കാലില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനെ കുറിച്ചുള്ള രോഹിത് ശര്‍മ്മയുടെ ട്വീറ്റ്.

‘അങ്ങേയറ്റം ദുഷ്‌കരമായ കാലത്തിനൊടുവില്‍ ഭൂമീ മാതാവ് സ്വയം മുറിവുണക്കാനുള്ള വഴി കണ്ടെത്തിയിരിക്കുന്നു. നമ്മുടെ ജീവിത ശൈലിയിലുണ്ടാകുന്ന ചെറിയ മാറ്റം ഭൂമിയില്‍ എത്രത്തോളം മാറ്റങ്ങളാണ് കുറഞ്ഞകാലത്ത് നടത്തുന്നതെന്ന് കാണിച്ചു തരികയാണ്. എക്കാലത്തും കാലാവസ്ഥാ മാറ്റത്തിനെതിരെ നടപടിയെടുക്കാന്‍ വൈകിയെന്ന് നമ്മള്‍ പരാതി പറയാറുണ്ട്. ഒന്നിച്ച് നിന്നാല്‍ ഇതെല്ലാം നേരെ തിരിച്ചിടാന്‍ നമുക്കിടാനാകുമെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഈയൊരു പരീക്ഷണകാലത്ത് ഇന്ത്യയിലെ വായുമലിനീകരണവും ശബ്ദമലിനീകരണവും വളരെ കുറഞ്ഞിരിക്കുകയാണ്. വെനീസിലെ തുറമുഖങ്ങളിലേക്ക് ഡോള്‍ഫിനുകള്‍ തിരിച്ചെത്തിയിരിക്കുന്നു. തെരുവുകളില്‍ കാട്ടുപന്നികള്‍ നടക്കുന്നു. റോമിലെ ഫൗണ്ടനുകളില്‍ അരയന്നങ്ങള്‍ കുളിക്കുന്നു. ലോകമാകെ മലിനീകരണത്തിന്റെ തോത് കുറഞ്ഞു! ഈ ലോകത്തെയാണ് നമ്മള്‍ സംരക്ഷിക്കേണ്ടത്’ എന്നാണ് രോഹിത്ത് ശര്‍മ്മയുടെ ട്വീറ്റ്.