കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മുഹമ്മദ് ഷമി ഇന്നലെ പുറത്തെടുത്തത്. ലോകകപ്പില്‍ 5 വിക്കറ്റ് നേടുന്ന ആറാമത്തെ മാത്രം ഇന്ത്യക്കാരന്‍ കൂടിയാണ് ഷമി. 3 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് ഷമിയുടെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ അവസാന സ്പെല്ലിലെ രണ്ടോവര്‍ മറന്നേക്കുക, ഷമിയിപ്പോള്‍ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ അഞ്ചിലൊരാളാണ്.
കളിച്ചത് മൂന്ന് മത്സരങ്ങള്‍, നേടിയത് 13 വിക്കറ്റുകള്‍. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ ടീമിലെത്തിയ ഷമി അഫ്ഗാനിസ്താനെതിരെ ഹാട്രിക് പ്രകടനവുമായാണ് ഈ ലോകകപ്പ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ്. ഗെയ്ലും ഹെറ്റ്മെയറും ഷാ ഹോപുമടക്കം പ്രമുഖരയെല്ലാം മടക്കിയ ഷമി കരിയറിലെ മികച്ച പ്രകടനവും കുറിച്ചു.
ഇംഗ്ലണ്ടിനെതിരെ ഷമി ആ പ്രകടനം അല്‍പം കൂടി മെച്ചപ്പെടുത്തി, കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം. തുടര്‍ച്ചയായ മത്സരങ്ങളില്‍ നാലോ അതില്‍ കൂടുതലോ വിക്കറ്റെടുത്തതില്‍ ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും ഷമിക്കായി.കഴിഞ്ഞ തവണത്തേതടക്കം ലോകകപ്പില്‍ ഷമിയുടെ വിക്കറ്റ് നേട്ടം 30 ആയി.