വെസ്റ്റ് ഇന്‍റീസിനെതിരായ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും പാകിസ്താന് ആശ്വസിക്കാന്‍ ഒരു കാര്യമുണ്ട്. പേസ് ബൌളര്‍ മൊഹമ്മദ് അമീറിന്‍റെ മികച്ച പ്രകടനമാണ് പാക് നിരക്ക് പ്രതീക്ഷ നല്‍കുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷത്തെലെത്തിയ വെസ്റ്റ് ഇന്‍റീസ് നിരയിലെ മൂന്ന് വിക്കറ്റുകളും പിഴുതെറിഞ്ഞത് അമീറാണ്. ആറ് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അമീര്‍ നേടിയത്. ക്രിക്കറ്റ് വിദഗ്ധന്മാരുടെ കണക്കുകളനുസരിച്ച് ലോകകപ്പില്‍ ഉറ്റ് നോക്കുന്ന മികച്ച താരങ്ങളുടെ പട്ടികയില്‍ അമീറുമുണ്ട്.
ആദ്യം പുറത്ത് പോയത് ഷായ് ഹോപ്പായിരുന്നു. 17 പന്തുകളില്‍ നിന്നും 11 റണ്‍സെടുത്ത ഹോപ്പിന്‍റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ഹഫീസിന്‍റെ ക്യാച്ചിലൂടെ അമീര്‍ തന്‍റെ വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നീട് അപകടകാരിയായ ഡാരന്‍ ബ്രാവോയെ റണ്ണൊന്നുമെടുക്കാന്‍ സമ്മതിക്കാതെ തന്നെ ഗാലറിയിലേക്ക് തിരിച്ചയച്ചു. വിന്‍റീസ് സ്കോര്‍ 77ല്‍ നില്‍ക്കുമ്പോള്‍ അപകടകാരിയായ ഗെയിലിനെയും പുറത്താക്കി തന്‍റെ മൂന്നാമത്തെ വിക്കറ്റും അമീര്‍ സ്വന്തമാക്കി. ആദ്യ കളിയില്‍ പരാജയപ്പെട്ടെങ്കിലും പാക് ടീം ശക്തമായി തിരിച്ചുവരും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.