Cricket Sports

പഴയ ടീമല്ല ഇത്; ഇന്ത്യക്കെതിരെ വിജയം ഇംഗ്ലണ്ടിനെന്ന് മൊയീൻ അലി

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ വിജയം ഇംഗ്ലണ്ടിനെന്ന് ഓൾറൗണ്ടർ മൊയീൻ അലി. കഴിഞ്ഞ വർഷം തന്നെ അഞ്ചാം ടെസ്റ്റ് കളിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടായിരുന്നു. ഒരു മാസം മുൻപ് ഈ ടെസ്റ്റ് കളിച്ചിരുന്നെങ്കിലും ഇന്ത്യ ജയിച്ചേനെ. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതിയെന്നും മൊയീൻ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഇന്ത്യൻ പര്യടനത്തിലെ അവസാന ടെസ്റ്റ് കൊവിഡ് ബാധയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

ബെൻ സ്റ്റോക്സ് ക്യാപ്റ്റനും ബ്രണ്ടൻ മക്കല്ലം പരിശീലകനുമായതിനു ശേഷം ഇംഗ്ലണ്ട് അസാമാന്യ പ്രകടനങ്ങളാണ് ടെസ്റ്റിൽ നടത്തുന്നത്. ടെസ്റ്റ് കളിശൈലി തന്നെ മാറ്റിമറിച്ച ഇംഗ്ലണ്ട് ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര 3-0നു വിജയിച്ചിരുന്നു.

അതേസമയം, ഇംഗ്ലണ്ടിനെതിരെ എഡ്ജ്‌ബാസ്റ്റണിൽ ഇന്ത്യക്കായി വിക്കറ്റ് കീപ്പർ കെഎസ് ഭരത് ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് സൂചന. കൊവിഡ് ബാധിച്ച് ഐസൊലേഷനിലുള്ള ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ലെന്നാണ് റിപ്പോർട്ട്. രോഹിതിൻ്റെ അഭാവത്തിൽ ഭരത് ഓപ്പണർ റോളിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലെസസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിൽ ഭരത് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് മികച്ച പ്രകടനം നടത്തിയിരുന്നു.

ബാക്കപ്പ് ഓപ്പണറായി മായങ്ക് അഗർവാൾ ടീമിലുണ്ടെങ്കിലും ഭരതിനു തന്നെയാണ് സാധ്യത. പരിശീലന മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സിലും നല്ല പ്രകടനം നടത്തിയ താരത്തെ ഒഴിവാക്കിയേക്കില്ല. ചേതേശ്വർ പൂജാര ഓപ്പൺ ചെയ്യാനും സാധ്യതയുണ്ട്. പക്ഷേ, മധ്യനിര ശക്തിപ്പെടുത്താൻ പൂജാരയെ നാലാം നമ്പറിൽ തന്നെ ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പ്രഖ്യാപിച്ചിരുന്നു. എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ടീമിൽ വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്‌സിനെ ഉൾപ്പെടുത്തി. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമായ ജെയിംസ് ആൻഡേഴ്സണും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (c), ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, സാം ബില്ലിംഗ്സ്, സ്റ്റുവർട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഫോക്സ്, ജാക്ക് ലീച്ച്, അലക്സ് ലീസ്, ക്രെയ്ഗ് ഓവർട്ടൺ, ജാമി ഓവർട്ടൺ, മാത്യു പോട്ട്സ്, ഒല്ലി പോപ്പ്.