Cricket Sports

ഏക ദിന ക്രിക്കറ്റ് അവസാനിപ്പിക്കുന്നു?; 2027ന് ശേഷം എണ്ണം കുറയ്ക്കുമെന്ന് എംസിസി


ഏക ദിന ക്രിക്കറ്റ് ഘട്ടം ഘട്ടമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ്. 2027ലെ ഏകദിന ലോകകപ്പിന് ശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ് ക്രിക്കറ്റിലെ നിയമ നിര്‍മാതാക്കളായ എംസിസിയുടെ നിര്‍ദേശം. ലോഡ്‌സില്‍ നടന്ന 13 അംഗ ക്രിക്കറ്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിര്‍ത്താന്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

പുരുഷ ക്രിക്കറ്റ് ടെസ്റ്റിന് ആതിഥേയത്വം വഹിക്കാന്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നില്ലെന്ന പരാതിയുണ്ട്. ടെസ്റ്റ് മത്സരകങ്ങളുടെ നടത്തിപ്പിനായി രാജ്യങ്ങള്‍ക്കുള്ള ചിലവിനെ കുറിച്ച് നിലവില്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കാന്‍ ടെസ്റ്റ് മാച്ച് ഫിനാന്‍ഷ്യന്‍ ഓഡിറ്റ് നടത്താന്‍ ഐസിസിക്ക് നിര്‍ദേശം നല്‍കി. ഇതിലൂടെ ധനസഹായം ആവശ്യമുള്ള രാജ്യങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാകും. ഇതില്‍ പരിഹാരം കണ്ടെത്താനാകുമെന്നും എംസിസി വ്യക്തമാക്കി.

2027 ഐസിസി പുരുഷ ലോകകപ്പിന് ശേഷം ഏകദിന മത്സങ്ങള്‍ ഗണ്യമായി കുറയ്ക്കാനാണ് നിലവിലെ തീരുമാനം. ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം വര്‍ധിപ്പിക്കാനും ആഗോള ക്രിക്കറ്റില്‍ കൂടുതല്‍ സമയം കണ്ടെത്താനും സാധിക്കുമെന്നാണ് കരുതുന്നതെന്നും എംസിസി പ്രസ്താവനയില്‍ പറഞ്ഞു.