കഴിഞ്ഞ വര്‍ഷം നിരവധി അനാവശ്യ വിവാദങ്ങളിലാണ് സഞ്ജയ് മഞ്ജരേക്കര്‍ ചെന്നുപെട്ടത്. ഇതിലൊന്ന് ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലിക്കെതിരെയുമായിരുന്നു…
കമന്റേര്‍ ജോലിക്ക് ആവശ്യമായ വാചകകസര്‍ത്ത് കൈമുതലായുള്ളയാളാണ് സഞ്ജയ് മഞ്ജരേക്കര്‍ എന്നത് ആര്‍ക്കും സംശയമുള്ള കാര്യമാകില്ല. എന്നാല്‍ ആവശ്യത്തിനൊപ്പം അനാവശ്യത്തിനുമുള്ള വിടുവായത്തമാണ് സഞ്ജയ് മഞ്ജരേക്കറുടെ കമന്റേറ്റര്‍ പണി തന്നെ നഷ്ടപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം നിരവധി അനാവശ്യ വിവാദങ്ങളിലാണ് സഞ്ജയ് മഞ്ജരേക്കര്‍ ചെന്നുപെട്ടത്. കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനിടെ സഹ കമന്റേറ്റര്‍ ഹര്‍ഷ് ബോഗ്‌ലെയെ അപമാനിക്കുംവിധം മഞ്ജരേക്കര്‍ സംസാരിച്ചിരുന്നു. ബോഗ്‌ലെയെ അപേക്ഷിച്ച് ക്രിക്കറ്റ് കൂടുതല്‍ കളിച്ചിട്ടുള്ളതിനാല്‍ ക്രിക്കറ്റിനെക്കുറിച്ച് കൂടുതല്‍ അറിയാമെന്ന നിലയിലായിരുന്നു മഞ്ജരേക്കറുടെ വാചകമടി.
മഞ്ജരേക്കറുടെ ഗാംഗുലിക്കെതിരായ ട്വീറ്റാണ് വിവാദമായത്. സഹ കമന്റേറ്റര്‍മാരെ സംസാരിക്കാന്‍ അനുവദിക്കാത്തയാളാണ് ഗാംഗുലിയെന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്. വൈകാതെ ബി.സി.സി.ഐ തലപ്പത്തേക്ക് ദാദ എത്തുകയും ചെയ്തു.
രവീന്ദ്ര ജഡേജക്കതിരായ മൂന്നാം വിവാദമാണ് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത്. ജഡേജയെപോലുള്ള അല്ലറ ചില്ലറ കളിക്കാരെ വകവെക്കുന്നില്ലെന്ന രീതിയിലായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. മഞ്ജരേക്കരേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് താനെന്നും മറ്റുള്ളവരെ അംഗീകരിക്കാന്‍ പഠിക്കണമെന്നും പറഞ്ഞ് ജഡേജ പരസ്യമായി മഞ്ജരേക്കര്‍ക്കെതിരെ പ്രതികരിച്ചു. ന്യൂസിലന്റിനെതിരായ സെമിയില്‍ നിര്‍ണ്ണായക അര്‍ധ സെഞ്ചുറി (77) പ്രകടനത്തിന് ശേഷം ജഡേജ പ്രസിദ്ധമായ ‘വാള്‍വീശല്‍’ ആഘോഷം നടത്തിയത് കമന്ററി ബോക്‌സിന് നേരെ ചൂണ്ടിയായിരുന്നു.
ബി.സി.സി.ഐ കമന്റേറ്റര്‍ പാനലില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ സഞ്ജയ് മഞ്ജരേക്കര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മഞ്ജരേക്കറുടെ പ്രതികരണം. ‘കമന്ററി പറയുന്നത് അംഗീകാരമായാണ് കരുതുന്നത്. അവകാശമായല്ല, എന്നെ തെരഞ്ഞെടുക്കുക എന്നത് തൊഴിലുടമയുടെ തീരുമാനമാണ് , അത് മാനിക്കുന്നു. എന്റെ പ്രകടനം ബിസിസിഐക്ക് തൃപ്തികരമായിരിക്കില്ല, ഒരു പ്രാഫഷണല്‍ എന്ന നിലയില്‍ തീരുമാനം അംഗീകരിക്കുന്നു’ എന്നായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്.
കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ഇക്കാലത്തെ ഐ.സി.സി ടൂര്‍ണ്ണമെന്റുകളിലും കമന്ററി പാനലിലുള്ളയാളായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍. ബി.സി.സി.ഐ കമന്ററി പാനലില്‍ നിന്ന് മാത്രമല്ല ഐ.പി.എല്‍ പാനലില്‍ നിന്നും മഞ്ജരേക്കറെ ഒഴിവാക്കിയിട്ടുണ്ട്.