Cricket Sports

എറിഞ്ഞിട്ട് ഇർഫാൻ; അടിച്ചൊതുക്കി യൂസുഫ്: ഇന്ത്യ മഹാരാജാസിനു തകർപ്പൻ ജയം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ഏഷ്യ ലയൺസിനെതിരെ ഇന്ത്യ മഹാരാജാസിനു ജയം. വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ലയൺസ് മുന്നോട്ടുവച്ച 176 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മഹാരാജാസ് മറികടന്നു. യൂസുഫ് പത്താൻ 80 റൺസുമായി മഹാരാജാസിൻ്റെ ടോപ്പ് സ്കോററായി. (legends league india won)

പരുങ്ങലോടെയാണ് മഹാരാജാസ് തുടങ്ങിയത്. സ്റ്റുവർട്ട് ബിന്നിയും നമൻ ഓജയും ചേർന്ന് ഓപ്പൺ ചെയ്ത ഇന്ത്യൻ മഹാരാജാസ് ഇന്നിംഗ്സിന് വേഗത കുറവായിരുന്നു. ഏഷ്യ ലയൺസിനായി ബൗളിംഗ് ഓപ്പൺ ചെയ്ത ഷൊഐബ് അക്തറും നുവാൻ കുലശേഖരയും ടൈറ്റ് ലൈനുകളിൽ പന്തെറിയുക കൂടി ചെയ്തതോടെ ഇന്ത്യ പരുങ്ങി. ബിന്നി (10), ബദരിനാഥ് (0), നമൻ ഓജ (20) എന്നിവരൊക്കെ വേഗം മടങ്ങി. പവർപ്ലേയിൽ ഇന്ത്യ എടുത്തത് വെറും 34 റൺസായിരുന്നു.

നാലാം വിക്കറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് കൈഫും യൂസുഫ് പത്താനും ഒത്തുചേർന്നു. കൈഫ് ശ്രദ്ധയോടെയാണ് തുടങ്ങിയതെങ്കിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഉമർ ഗുല്ലിനെ ബൗണ്ടറിയിലേക്കയച്ചാണ് യൂസുഫ് വരവറിയിച്ചത്. തുടർന്നുള്ള രണ്ട് പന്തുകളിൽ ഒരു സിക്സറും ബൗണ്ടറിയും കൂടി യൂസുഫ് നേടി. തുടർ ബൗണ്ടറികളുമായി ഏഷ്യ ലയൺസിനെ കടന്നാക്രമിച്ച യൂസുഫിന് കൈഫ് ഉറച്ച പിന്തുണ നൽകി. മുത്തയ്യ മുരളീധരൻ അടക്കം കരുത്തുറ്റ ബൗളിംഗ് നിരയെ അനായാസമാണ് യൂസുഫ് നേരിട്ടത്. വെറും 28 പന്തിൽ യൂസുഫ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷവും തകർപ്പൻ ബാറ്റിംഗ് തുടർന്ന താരം 17ആം ഓവറിൽ ദൗർഭാഗ്യകരമായി റണ്ണൗട്ടായി. 40 പന്തിൽ 9 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 80 റൺസെടുത്ത യൂസുഫ് രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. നാലാം വിക്കറ്റിൽ കൈഫുമായിച്ചേർന്ന് 116 റൺസിൻ്റെ കൂട്ടുകെട്ടിലും യൂസുഫ് പങ്കായിരുന്നു.

ആറാം നമ്പറിലെത്തിയ ഇർഫാൻ പത്താൻ ചില മികച്ച ഷോട്ടുകളിലൂടെ ഇന്ത്യ മഹാരാജാസിനെ വിജയത്തിലേക്ക് നയിച്ചു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഏഷ്യ ലയൺസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസ് നേടിയത്. ഏഷ്യ ലയൺസിനായി 66 റൺസെടുത്ത ഉപുൽ തരംഗ ടോപ്പ് സ്കോററായി. ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖ് 44 റൺസ് നേടി. ഇന്ത്യ മഹാരാജാസിനായി മൻപ്രീത് ഗോണി മൂന്നും ഇർഫാൻ പത്താൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

ദിൽഷനെ (5) വേഗം നഷ്ടമായ ഏഷ്യ ലയൺസ് രണ്ടാം വിക്കറ്റിൽ കമ്രാൻ അക്മൽ-ഉപുൽ തരംഗ കൂട്ടുകെട്ടിലൂടെ മത്സരത്തിലേക്ക് തിരികെവന്നു. 39 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷം പവർപ്ലേയുടെ അവസാന ഓവറിൽ അക്മൽ (25) പുറത്ത്. മുഹമ്മദ് ഹഫീസ് (16), മുഹമ്മദ് യൂസുഫ് (1) എന്നിവരെ ഒരു ഓവറിൽ മടക്കിയ ഇർഫാൻ പത്താൻ ഏഷ്യ ലയൺസിനെ 4 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലെത്തിച്ചു. എന്നാൽ, അഞ്ചാം വിക്കറ്റിൽ തരംഗയ്ക്കൊപ്പം ചേർന്ന മിസ്‌ബാഹുൽ ഹഖ് അവരെ മികച്ച സ്കോറിലേക്ക് നയിച്ചു. 38 പന്തിലാണ് തരംഗ ഫിഫ്റ്റിയടിച്ചത്. വളരെ സാവധാനത്തിൽ തുടങ്ങിയ മിസ്ബാഹ് പിന്നീട് ബൗണ്ടറി ഷോട്ടുകളുമായി കളംനിറയുകയായിരുന്നു. 17ആം ഓവറിൽ തരംഗ പുറത്തായി. അവസാന ഓവറിൽ തുടരെ രണ്ട് സിക്സറുകളുമായി തുടങ്ങിയ മിസ്ബാഹും ഉമർ ഗുലും (4) ആ ഓവറിൽ തന്നെ പുറത്തായി.