Cricket Sports

ലസിത് മലിംഗ വിരമിച്ചു

ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗ വിരമിച്ചു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച താരം യുവ താരങ്ങൾക്ക് തൻ്റെ അനുഭവ സമ്പത്ത് പകർന്നുനൽകുമെന്നും വ്യക്തമാക്കി. (lasith malinga retires cricket)

ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മലിംഗ. അസാധാരണമായ ബൗളിംഗ് ആക്ഷനും കൃത്യതയാർന്ന യോർക്കറുകളും കൊണ്ട് ശ്രദ്ധേയനായ താരം പരിമിത ഓവർ മത്സരങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവർ ബൗളർമാരിൽ ഒരാളായും താരത്തെ കണക്കാക്കുന്നു. 2014 ടി-20 ലോകകപ്പിൽ ശ്രീലങ്കയെ ജേതാക്കളാക്കാനും താരത്തിനു സാധിച്ചു.

രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് തവണ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റിട്ട് ഡബിൾ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകൾ നേടിയ ഒരേയൊരു താരം, ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് ഹാട്രിക്കുകൾ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഹാട്രിക്കുകൾ ഉള്ള താരം എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ.

2011 ഏപ്രിൽ 22ന് മലിംഗ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 2019 ജൂലൈ 26ന് അദ്ദേഹം ഏകദിനങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2021 ജനുവരിയിൽ ടി-20 ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും മലിംഗ പാഡഴിച്ചു.

30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റുകളാണ് മലിംഗയ്ക്ക് ഉള്ളത്. 226 തവണ അദ്ദേഹം ഏകദിനത്തിൽ ശ്രീലങ്കക്കായി ബൂട്ടണിഞ്ഞു. 338 ഏകദിന വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്. 84 രാജ്യാന്തര ടി-20 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റുകളും അദ്ദേഹം നേടി. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെയും മലിംഗ തന്നെയാണ് ഒന്നാമൻ.