ബൗളിംങില്‍ മാത്രമല്ല ബാറ്റിംങിലും പിടിയുണ്ടെന്ന് തെളിയിച്ചാണ് അരങ്ങേറ്റ മത്സരം കെയ്ല്‍ ജാമിസണ്‍ സ്വപ്‌നതുല്യമാക്കിയത്. ഇന്ത്യക്കെതിരെ ജാമിസണ്‍ അരങ്ങേറാന്‍ പോകുന്നുവെന്ന വാര്‍ത്ത തന്നെ കിവീസിന്റെ രഹസ്യായുധം വരുന്നുവെന്ന നിലയിലാണ് പ്രചരിച്ചത്. അത് സത്യം വെക്കുന്ന പ്രകടനമാണ് ജാമിസണ്‍ നടത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ന്യൂസിലന്റ് 8ന് 197 എന്ന നിലയില്‍ പരുങ്ങുമ്പോഴായിരുന്നു ജാമിസണ്‍ ബാറ്റിംങിനിറങ്ങിയത്. ഫോമിലുള്ള ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ക്ക് പറ്റിയ പങ്കാളിയായി 50 ഓവര്‍ തീരും വരെ വിക്കറ്റ് കാത്തുകൊണ്ട് ജാമിസണ്‍ കളിച്ചു. മാത്രമല്ല 24 പന്തില്‍ വിലപ്പെട്ട 25 റണ്‍സും അടിച്ചു. ഒരു ഫോറും രണ്ട് കൂറ്റന്‍ സിക്‌സും ഇതിനിടെ പറത്തിക്കൊണ്ട് താനൊരു ഓള്‍ റൗണ്ടറാണെന്ന് യുവതാരം തെളിയിക്കുകയും ചെയ്തു. റോസ് ടെയ്‌ലറും ജാമിസണും ചേര്‍ന്ന് 51 പന്തില്‍ നേടിയ 76 റണ്‍സാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്.
ബൗളിംങിനിറങ്ങിയപ്പോള്‍ അവിയെയും ജാമിസണ്‍ നിരാശപ്പെടുത്തിയില്ല. 19 പന്തില്‍ 24 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് തെറിപ്പിച്ചായിരുന്നു തുടക്കം. ആറ് ബൗണ്ടറിയുമായി മികച്ച ഇന്നിംങ്‌സ് കളിക്കാനുള്ള തിടുക്കത്തിലായിരുന്ന പൃഥ്വിക്ക് ജാമിസണ് മുന്നില്‍ അടിതെറ്റി.
ജഡേജയും സെയ്‌നിയും ചേര്‍ന്ന് ഇന്ത്യക്ക് അനുകൂലമായി കളി മാറ്റുന്നുവെന്ന നിലയിലായിരുന്നു പിന്നെയും ജാമിസണ്‍ ആഞ്ഞടിച്ചത്. ഇക്കുറി 49 പന്തില്‍ 45 റണ്‍സ് അടിച്ച സെയ്‌നിയെയാണ് ജാമിസണ്‍ എറിഞ്ഞിട്ടത്. സെയ്‌നിയും ജഡേജയും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 76 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കിവീസ് യുവ ബൗളര്‍ സെയ്‌നിയുടെ വിക്കറ്റ് തെറിപ്പിച്ചപ്പോള്‍ അവസാനിച്ചത് ഇന്ത്യന്‍ പ്രതീക്ഷകള്‍ കൂടിയായിരുന്നു.
നേടിയ രണ്ട് വിക്കറ്റും ബാറ്റ്‌സ്മാന്റെ കുറ്റി വേരോടെ പിഴുതാണ് ജാമിസണ്‍ നേടിയത്. പത്ത് ഓവറില്‍ വെറും 42 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു 25കാരന്‍ ജാമിസണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് മീറ്ററിലേറെ ഉയരമുള്ള കെയ്ല്‍ ജാമിസണ്‍ മത്സരത്തിന് മുമ്പ് ഉയരത്തിന്റെ പേരിലായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇനി കളിമികവിന്റെ പേരിലായിരിക്കും അറിയപ്പെടുക എന്നതിന്റെ വ്യക്തമായ സൂചനയാണ് ആദ്യ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരം.