Cricket Sports

കുതിച്ചു പാഞ്ഞ് വിരാട് കോഹ്‌ലി; തകര്‍ത്തെറിഞ്ഞത് ഒരുപിടി റെക്കോര്‍ഡുകള്‍

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ സെഞ്ച്വറി നേടിയ കോഹ്‌ലിക്കു മുന്നില്‍ ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ന്നു വീണത്.

59 റണ്‍സില്‍ നിന്ന് രണ്ടാം ദിനം കളി പുനരാരംഭിച്ച കോഹ്‌ലി ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നായകനായി മാറി. 20 സെഞ്ച്വറികളാണ് കോഹ്‌ലിയുടെ പേരിലുള്ളത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ നായകനെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി. ഓസ്‌ട്രേലിയക്കു വേണ്ടി 19 സെഞ്ച്വറികള്‍ നേടിയ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് തിരുത്തിയെഴുതപ്പെട്ടത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 25 സെഞ്ച്വറികള്‍ നേടിയ ഗ്രെയിം സ്മിത്താണ് ഇനി കോഹ്‌ലിക്കു മുന്നിലുള്ളത്.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കോഹ്‌ലിക്കു സാധിച്ചു. 41 സെഞ്ച്വറികളാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്. പോണ്ടിംഗിന് ഈ നേട്ടം കൈവരിക്കാന്‍ 376 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നെങ്കില്‍ വിരാടിനു വേണ്ടി വന്നത് കേവലം 188 ഇന്നിംഗ്‌സുകള്‍ മാത്രമാണ്. 368 ഇന്നിംഗ്‌സുകളില്‍ നിന്ന് 33 സെഞ്ച്വറികള്‍ നേടിയ ഗ്രെയിം സ്മിത്താണ് പട്ടികയില്‍ മൂന്നാമത്.

ടെസ്റ്റില്‍ അതിവേഗം 27 സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താനും കോഹ്‌ലിക്കായി. സച്ചിന്‍ 505 ഇന്നിംഗ്‌സുകളില്‍ നിന്നും കോഹ്‌ലി 439 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. ഇതിനു പുറമെ അതിവേഗം 70 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.

ഇതിനിടെ, ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി 5,000 റണ്‍സ് നേടുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡും ഡേ-നൈറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചു. ബംഗ്ലാദേശിനെതിരെ 194 പന്തില്‍ 18 ബൗണ്ടറികള്‍ ഉള്‍പ്പെടെ 136 റണ്‍സാണ് കോഹ്‌ലി നേടിയത്.