Cricket Sports

ആവശ്യമുള്ളത് എടുത്തോളൂ… ജേക്കബ് മാര്‍ട്ടിന്റെ കുടുംബത്തിന് ബ്ലാങ്ക് ചെക്ക് നല്‍കി ക്രുണാല്‍ പാണ്ഡ്യ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ. ബ്ലാക്ക് ചെക്കാണ് പാണ്ഡ്യ നല്‍കിയത്. ഇഷ്ടമുള്ള തുക എഴുതിയെടുക്കാനും പാണ്ഡ്യ കുടുംബത്തോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഒരു ലക്ഷത്തില്‍ കുറഞ്ഞൊരു തുക എഴുതിയെടുക്കരുതെന്നും പാണ്ഡ്യ ആവശ്യപ്പെടുന്നുണ്ട്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിനാണ് ക്രുണാല്‍ ചെക്ക് കൈമാറിയത്.

അതേസമയം, ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന മാര്‍ട്ടിന്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. 1999 മുതല്‍ രണ്ടു വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച ജേക്കബ് മാര്‍ട്ടിന് ഡിസംബര്‍ 28-നുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ക്രിക്കറ്റ് ലോകത്തോടും ബി.സി.സി.ഐ അടക്കമുള്ള സംഘടനകളോടും സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.