ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. കെകെആറിന്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇന്നത്തെ മത്സരം ഇരു ടീമിനും നിർണായകമാണ്. അതേസമയം ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും കെകെആർ തോറ്റിരുന്നു.
ഹൈദരാബാദിനെതിരായ അവസാന മത്സരം വിജയിച്ചാണ് കെകെആറിൻ്റെ വരവ്. എന്നാൽ മുംബൈയ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് പരാജയപ്പെട്ടു. ബൗളിംഗാണ് പഞ്ചാബിന്റെ പ്രശ്‌നം. അർഷ്ദീപ്, രാഹുൽ ചാഹർ, സാം കുറാൻ എന്നിവരടങ്ങുന്ന മികച്ച ബൗളിംഗ് ആക്രമണം ടീമിനുണ്ട്. എന്നാൽ എതിരാളികളെ സമ്മർദത്തിലാക്കാൻ കഴിയാത്തത് തിരിച്ചടി സൃഷ്ടിക്കുന്നു.
അതേസമയം പ്ലേഓഫിലേക്ക് യോഗ്യത നേടാൻ KKR-ന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. 10 മത്സരങ്ങളിൽ 4 ജയവും 6 തോൽവിയുമായി കെകെആർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. മറുവശത്ത് 5 ജയവും 5 തോൽവിയുമായി പഞ്ചാബ് ഏഴാം സ്ഥാനത്തും. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും 31 തവണ മുഖാമുഖം വന്നിട്ടുണ്ട്. 20 മത്സരങ്ങളിൽ കെകെആർ വിജയിച്ചു. 11 മത്സരങ്ങളിൽ മാത്രമാണ് പഞ്ചാബിന് ജയിക്കാനായത്.