Cricket

ഹെൻറിച്ച് ക്ലാസന് മിന്നൽ സെഞ്ച്വറി, മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം; വിൻഡീസ് പരമ്പര സമനിലയിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ, ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് നാല്‌ വിക്കറ്റ് ജയം. ഹെൻ‌റിച്ച് ക്ലാസൻ്റെ സെഞ്ച്വറി പ്രകടനമാണ് ടീമിന് ജയം സമ്മാനിച്ചത്. ഹെൻ‌റിച്ച് 61 പന്തിൽ പുറത്താകാതെ 119 റൺസ് നേടി. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം റദ്ദാക്കിയിരുന്നു.

261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ടീമിന്റെ തുടക്കം മികച്ചതായിരുന്നില്ല. 36 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. പിന്നാലെ ടോണി ഡി ജോർജിയോടൊപ്പം ചേർന്ന് ക്യാപ്റ്റൻ ആദിൻ മാർക്രം ആദ്യ 10 ഓവറിൽ ടീമിന്റെ സ്‌കോർ 68 ൽ എത്തിച്ചു. സ്കോർ 73 ൽ നിൽക്കെ ക്യാപ്റ്റൻ മാർക്രം പുറത്തായി. 87 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നാലാം വിക്കറ്റും നഷ്ടമായി. പിന്നീട് ക്രീസിൽ എത്തിയ ക്ലാസൻ രക്ഷാദൗത്യം ഏറ്റെടുത്തു.

ആദ്യം ഡേവിഡ് മില്ലറിനൊപ്പം 55 റൺസ് കൂട്ടിച്ചേർത്ത ക്ലാസൻ മില്ലർ പുറത്തായ ശേഷം മാർക്കോ യാൻസിനുമായി 103 റൺസിന്റെ മാച്ച് വിന്നിംഗ് കൂട്ടുകെട്ട് ഉണ്ടാക്കി. 54 പന്തില്‍ സെഞ്ച്വറി നേടിയ ക്ലാസന്‍ കളിയിലെ താരമായതിനൊപ്പം 61 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്നു. 29.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ആദിൻ മാർക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിൻഡീസിന്റെ ഇന്നിംഗ്‌സ് 48.2 ഓവറിൽ 260 റൺസിൽ ഒതുങ്ങി.