Cricket Sports

സീനിയർ വനിതാ ടി-20 ലീഗ്: മിന്നു മണിയ്ക്ക് ഫിഫ്റ്റി; കേരളത്തിന് വിജയത്തുടക്കം

സീനിയർ വനിതാ ടി-20 ലീഗിൽ കേരളത്തിന് വിജയത്തുടക്കം. രാജസ്ഥാനെ 8 വിക്കറ്റിനാണ് കേരളം കീഴടക്കിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 114 റൺസിൻ്റെ വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിർത്തി 2 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടക്കുകയായിരുന്നു. 41 പന്തിൽ 50 റൺസെടുത്ത് പുറത്താവാതെ നിന്ന മിന്നു മണിയാണ് കേരളത്തെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനു വേണ്ടി എസ്പി കുമാവത്ത് ആണ് ടോപ്പ് സ്കോറർ ആയത്. താരം 41 പന്തുകളിൽ 46 റൺസെടുത്തു. കുമാവത്തിനെ മിന്നു തന്നെയാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ജസിയ അക്തർ 30 റൺസ് നേടി. കൃത്യതയോടെ പന്തെറിഞ്ഞ കേരള ബൗളർമാർക്ക് മുന്നിൽ പതറിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് 113 റൺസ്.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കമല്ല ലഭിച്ചത്. ജിൻസി ജോർജ് (17 പന്തിൽ 17) ആദ്യം മടങ്ങിയപ്പോൾ സാവധാനം ബാറ്റ് വീശിയ അക്ഷയ (25 പന്തിൽ 17) പിന്നാലെ മടങ്ങി. അക്ഷയയുടെ മെല്ലെപ്പോക്ക് കേരളത്തെ ഒരു ഘട്ടത്തിൽ ബാക്ക്ഫൂട്ടിലാക്കിയിരുന്നു. എന്നാൽ, മൂന്നാം വിക്കറ്റിൽ മിന്നു മണിയും ദൃശ്യയും ചേർന്ന അപരാജിത കൂട്ടുകെട്ട് കേരളത്തെ വിജയത്തിലേക്ക് നയിച്ചു. മിന്നു ആക്രമണ റോൾ ഏറ്റെടുത്തപ്പോൾ ദൃശ്യ ഉറച്ച പിന്തുണ നൽകി. വിജയിക്കാൻ 4 റൺസ് വേണ്ടപ്പോൾ മിന്നു ഒരു സിക്സറിലൂടെ ജയവും വ്യക്തിഗത അർധസെഞ്ചുറിയും സ്വന്തമാക്കി. ദൃശ്യ 26 റൺസെടുത്ത് പുറത്താവാതെ നിന്നു. അപരാജിതമായ 79 റൺസാണ് ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.