Cricket

ജോഷ് ഹേസൽവുഡ് പരുക്കിൽ നിന്ന് മുക്തനായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കും

ഓസീസ് പേസർ ജോഷ് ഹേസൽവുഡ് പരുക്കിൽ നിന്ന് മുക്തനായി. ഐപിഎൽ സീസണിനിടെ മടങ്ങിയ താരം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ആഷസിലും കളിക്കുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയൻ ടീം യുകെയിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി ഹേസൽവുഡ് ബൗളിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ട്.

വിരാട് കോലി അടക്കം ഏഴ് താരങ്ങൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി നാളെ ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ഐപിഎൽ പ്ലേ ഓഫിൽ നിന്ന് പുറത്തായ ടീമുകളിലെ താരങ്ങളാണ് നാളെ പോവുക. കോലിക്കൊപ്പം ആർ അശ്വിൻ, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ തുടങ്ങിയ താരങ്ങളാണ് 23ന് ഇംഗ്ലണ്ടിലേക്ക് പറക്കുക. പരുക്കേറ്റ് പുറത്തായിരുന്ന ഉമേഷ് യാദവും ജയ്ദേവ് ഉനദ്കട്ടും മാച്ച് ഫിറ്റാണെന്നും ഇവർ ഈ സംഘത്തിൽ ഉണ്ടാവുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പ്ലേ ഓഫ് യോഗ്യത നേടിയ ലക്നൗ സൂപ്പർ ജയൻ്റ്സ് നിരയിൽ ഉനദ്കട്ട് ഉണ്ടായിരുന്നു എങ്കിലും പരുക്കേറ്റതിനെ തുടർന്ന് താരം ഐപിഎലിൽ നിന്ന് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഉനദ്കട്ടിന് ഐപിഎൽ ടീമുമായുള്ള കരാർ അവസാനിച്ചു. റിസർവ് നിരയിലുള്ള മുകേഷ് കുമാർ, നെറ്റ് ബൗളർമാരായ അനികേത് ചൗധരി, ആകാശ് ദീപ്, യറ പൃഥ്വിരാജ് എന്നിവരും നാളെ യാത്ര തിരിക്കും. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് അടക്കമുള്ള പരിശീലക സംഘവും 23ന് വിമാനം കയറും.

രോഹിത് ശർമ, ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും റിസർവ് നിരയിലുള്ള ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ് എന്നിവരും പ്ലേ ഓഫ് യോഗ്യത നേടിയ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ പിന്നീടാവും ഇംഗ്ലണ്ടിലേക്ക് പോവുക. ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കുന്ന ചേതേശ്വർ പൂജാര ഏറെ വൈകാതെ ടീമിനൊപ്പം ചേരും.

ജൂൺ ഏഴ് മുതൽ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ.