Cricket Sports

ലോകക്കപ്പില്‍ ഇന്ത്യയുടെ കുന്തമുനയാകാന്‍ ബുംറ; പ്രശംസിച്ച് ജെഫ് തോംസണും

ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ആസ്‌ട്രേലിയയുടെ ബൗളിങ് ഇതിഹാസം ജെഫ് തോംസണ്‍. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നും ടീമിനായി എങ്ങനെ ജയം കൊണ്ടുവരാമെന്നുമാണ് താരത്തിന്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ എന്നും ബുംറയെ ജെഫ് തോംസണ്‍ വിശേഷിപ്പിച്ചു. ഇതിനു മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറും ഡെന്നീസ് ലില്ലിയും ബുംറയെ അഭിനന്ദിച്ചിരുന്നു. അതിന് പിന്നലെയാണ് ജെഫ് തോംസണിന്റെ അഭിപ്രായം.

ഏതു തരത്തിലുള്ള പിച്ചിലും വിക്കറ്റ് വീഴ്ത്താമെന്ന ആത്മവിശ്വാസവും അതിനുവേണ്ടിയുള്ള പരിശ്രമവുമാണ് ബുംറയുടെ വളര്‍ച്ചക്കു പിന്നില്‍. പിച്ചു കണ്ടാല്‍ അവിടെ എനിക്ക് എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ബുംറ അല്ലാതെ പിച്ചു കണ്ട് നിരാശപ്പെടുന്നവനല്ല. ഇങ്ങനെയുള്ള ഈ ചിന്തകളാണ് താരത്തിന്റെ വിജയത്തിനു കാരണം. അതിവേഗ പന്തുകളായതിനാല്‍ ബുംറയ്ക്ക് വിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടുതലാണ്. ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളര്‍മാരെന്നും ജെഫ് തോംസണ്‍ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 49 ഏകദിനങ്ങളില്‍ നിന്ന് 85 വിക്കറ്റുകള്‍ ബുംറ നേടി. കഴിഞ്ഞ ഐ.പി.എല്‍ സീസണിലും ബുംറ മികവ് പുറത്തെടുത്തു. ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയുമെന്നതാണ് ബുംറയുടെ മറ്റൊരു പ്രത്യേകത. 19 വിക്കറ്റുകളാണ് ഇന്ത്യന്‍ പേസ് ബൗളര്‍ വീഴ്ത്തിയത്. പരിചയസമ്പന്നമായ ബൗളിങ്‌ നിരയാണ് ഇന്ത്യയുടേത്. കഴിഞ്ഞ 4–5 വർഷക്കാലമായി ഒന്നിച്ചു കളിക്കുന്നവരും.