Cricket Sports

വീണു കിടന്ന ബാറ്റ്‌സ്മാനെ പുറത്താക്കാതെ ഇസുറുവിന്റെ ഹീറോയിസം

സ്ലഡ്ജിംങും മങ്കാദിംങും തുടങ്ങി കളിക്കളത്തില്‍ എന്തു ചെയ്തു എതിര്‍ ടീം ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ശ്രമിക്കുന്നത് ക്രിക്കറ്റില്‍ പുതിയ കാഴ്ചയല്ല. എന്നാല്‍ പരിക്കേറ്റ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ അവസരമുണ്ടായിട്ടും അതിന് മുതിരാതെയാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടറായ ഇസുറു ഉഡാന കയ്യടി നേടുന്നത്.

ദക്ഷിണാഫ്രിക്കയിലെ എംസാന്‍സി സൂപ്പര്‍ലീഗില്‍ പാള്‍ റോക്കേഴ്‌സും ബേ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. 19ആം ഓവര്‍ ഇസുറു എറിയാനെത്തുമ്പോള്‍ ബേ ജയന്റ്‌സിന് എട്ട് പന്തില്‍ 24 റണ്‍സാണ് വേണ്ടിയിരുന്നത്. ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് നോണ്‍ സ്‌ട്രൈക്കറുടെ ദേഹത്ത് തട്ടി ഇസുറുവിന്റെ കൈകളിലേക്ക് കിട്ടുകയായിരുന്നു. അപ്പോള്‍ ക്രീസിന് പുറത്ത് വീണ നിലയിലായിരുന്നു നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റ്‌സ്മാനായിരുന്ന മാര്‍കോ മരായിസ്.

ഓടിവന്ന് വിക്കറ്റ് തെറിപ്പിക്കാനോ വിക്കറ്റ് ലക്ഷ്യമാക്കി പന്തെറിയാനോ ഇസുറുവിന് അവസരമുണ്ടായിരുന്നു. എന്നാല്‍ വീണു കിടക്കുന്ന ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ശ്രമിക്കാതെ റണ്‍ അപ്പിനായി പതുക്കെ നടന്നുപോവുകയായിരുന്നു ഇസുറു ചെയ്തത്.

അവസാന ഓവറിലെ മൂന്നാം പന്തില്‍ മരായിസ് ഒരു സിക്‌സ് നേടിയെങ്കിലും ഇസുറുവിന്റെ പാള്‍ റോക്‌സ് 12 റണ്‍സിന് കളി ജയിച്ചു. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ഒന്നാം സ്ഥാനക്കാരായ പാള്‍ റോക്കേഴ്‌സ് ഡിസംബര്‍ 16ന് നടക്കുന്ന ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

ഓള്‍റൗണ്ടറായ ഉഡാന 2009ലാണ് ശ്രീലങ്കക്കുവേണ്ടി അരങ്ങേറിയത്. ശ്രീലങ്കക്കു വേണ്ടി 15 ഏകദിനവും 27 ടി20യും കളിച്ചു. ഇതുവരെ 35 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.