Cricket Sports

ടി20യില്‍ നിന്ന് ധവാനെ പുറത്തിരുത്താന്‍ സമയമായി; ഈ കണക്കുകള്‍ നോക്കൂ…

2020ലെ ടി20 ലോകകപ്പാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളതെന്ന് നായകന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കികഴിഞ്ഞു. ഇതിലേക്കുള്ള മുന്നൊരുക്കങ്ങളായിരിക്കും ഇന്ത്യയുടെതേന്ന് വ്യക്തവുമാണ്. ഇപ്പോള്‍ വിന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പര അതിന്റെ ആദ്യ ചുവടുവെപ്പായാണ് കണക്കാക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഇനിയും മത്സരങ്ങളുള്ളതിനാല്‍ ആരൊക്കെ ടീമിലെത്തും എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ല.

എന്നാല്‍ ചില കണക്കുകള്‍ നോക്കുകയാണെങ്കില്‍ ചിലരെ പുറത്തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതില്‍ പ്രധാനം ഓപ്പണര്‍ ശിഖര്‍ ധവാനാണ്. വിന്‍ഡീസിനെതിരായ ടി20യില്‍ ധവാന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. രണ്ട് ടി20യില്‍ നിന്ന് നേടിയത് 24 റണ്‍സ് മാത്രം. കെ.എല്‍ രാഹുലിനെപ്പോലൊരു ടി20 ബാറ്റ്‌സ്മാനെ പുറത്തിരുത്തിയാണ് ധവാന്‍ ടീമിലിടം നേടുന്നത്. ഈ വര്‍ഷം ആറ് ടി20 മത്സരങ്ങളാണ് ധവാന്‍ ഇന്ത്യക്കായി കളിച്ചത്. 29,30,5,14,1,23 എന്നിങ്ങനെയായിരുന്നു ധവാന്റെ സ്‌കോറുകള്‍.

ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ധവാന്‍ കളിച്ചിരുന്നത്. അതേസമയം രാഹുലിന് രണ്ട് മത്സരങ്ങളിലെ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. 50,47 എന്നിങ്ങനെയായിരുന്നു രാഹുല്‍ സ്‌കോര്‍ ചെയ്തത്. ആസ്‌ട്രേലിയയുടെ ഇന്ത്യ പര്യടനത്തിനിടെയായിരുന്നു അത്. ഓപ്പണറുടെ റോളില്‍ തിളങ്ങാനാവുന്നുണ്ടെന്ന് ലോകകപ്പിലും രാഹുല്‍ തെളിയിച്ചിട്ടുണ്ട്. അതേസമയം പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാല്‍ ഇന്ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ ബെഞ്ചിലിരിക്കുന്നവര്‍ക്ക് അവസരം നല്‍കുമെന്ന് കോഹ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.

ലോകേഷ് രാഹുലിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ധവാനെ പുറത്തിരുത്തിയില്ലെങ്കില്‍ രാഹുലിന് മധ്യനിരയില്‍ അവസരം ലഭിച്ചേക്കും. എന്നാല്‍ ഓപ്പണിങ് റോളില്‍ തിളങ്ങുന്ന രാഹുലിനെ മധ്യനിരയില്‍ പരീക്ഷിക്കണോ എന്ന ചോദ്യം ബാക്കിയാവും.