പുതിയ ഐപിഎൽ ടീമുകൾക്കുള്ള ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി ബിസിസിഐ. 10 ദിവസത്തേക്ക് കൂടിയാണ് ബിസിസിഐ നീട്ടിയത്. നേരത്തെ ഒക്ടോബർ 10 ആയിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. ഇത് ഒക്ടോബർ 20ലേക്കാണ് നീട്ടിയത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 300 കോടി രൂപ വീതം വർധിപ്പിച്ച് 2000 കോടി ആക്കുകയായിരുന്നു. (ipl tender extended bcci)
പുതിയ ഐപിഎൽ ടീമുകൾക്കായി വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയും രംഗത്തെത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. യഥാക്രമം അദാനി ഗ്രൂപ്പും ആർപിഎജി ഗ്രൂപ്പുമാണ് ഫ്രാഞ്ചൈസികൾക്കായി രംഗത്തെത്തിയിരിക്കുന്നത്. അഹ്മദാബാദ് കേന്ദ്രമാക്കിയുള്ള ഫ്രാഞ്ചൈക്കായാണ് അദാനി ഗ്രൂപ്പിൻ്റെ ശ്രമമെങ്കിൽ ആർപിഎസ്ജി ഗൂപ്പ് ലക്നൗ ഫ്രാഞ്ചൈസിക്കായാണ് ശ്രമിക്കുന്നത്. അദാനിക്കും ആർപിഎസ്ജിക്കുമൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൊറന്റ് ഫാർമ, ഹൈദരാബാദിൽ നിന്നുള്ള ഔർബിന്ദോ ഫാർമ തുടങ്ങിയ കമ്പനികളും ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. രണ്ട് പുതിയ ടീമുകളാണ് അടുത്ത സീസൺ മുതൽ ഐപിഎലിൽ ഉണ്ടാവുക.
ശതകോടീശ്വരനായ അദാനിക്ക് നേരത്തെ ക്രിക്കറ്റിൽ താത്പര്യമുണ്ടായിരുന്നു. അതേസമയം, മുൻപ് റൈസിംഗ് പൂനെ സൂപ്പർ ജയൻ്റിൻ്റെ ഉടമസ്ഥനായിരുന്ന സഞ്ജീവ് ഗോയങ്ക വീണ്ടും ഒരു ടീം സ്വന്തമാക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന. അഹമ്മദാബാദ്, ലക്നൗ, ധർമ്മശാല, ഗുവഹാത്തി, റാഞ്ചി, കട്ടക് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികൾക്കയാണ് ബിസിസിഐ ടെൻഡർ ക്ഷണിച്ചത്.
അതേസമയം, ഐ.പി.എൽ കിരീട പോരിലെ ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ചാണ് കൊൽക്കത്ത വരുന്നത്. എന്നാൽ ധോണിയുടെ കരുത്തിൽ തോറ്റുപോയ ഋഷഭ് പന്തിനും കൂട്ടർക്കും ഇന്ന് ജയിച്ചാൽ സ്വപ്ന തുല്യമായ ഫൈനലാണ് കാത്തിരിക്കുന്നത്.
2023 മുതൽ 2027 വരെയുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ പങ്കെടുക്കുക പ്രമുഖ കമ്പനികൾ. ആമസോൺ, ഫേസ്ബുക്ക്, റിലയൻസ്, സോണി-സീ ഗ്രൂപ്പ് എന്നീ കമ്പനികളൊക്കെ ലേലത്തിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ട്. ഫേസ്ബുക്ക് 2017ലും ഐപിഎൽ സംപ്രേഷണാവകാശത്തിനായി ശ്രമിച്ചിരുന്നു.