ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഈ വരുന്ന 19നാണ് ഐപിഎൽ പുനരാരംഭിക്കുക. ആദ്യ പാദത്തിൽ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് ടീമുകൾ രണ്ടാം പാദത്തിൽ കളത്തിലിറങ്ങുക. ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം അടക്കം നിരവധി കാരണങ്ങൾ ഇതിനുണ്ട്. ചില ടീമുകൾ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നതെങ്കിലും മറ്റു ചില ടീമുകൾ പകരക്കാരെ കണ്ടെത്തിയിട്ടുണ്ട്. (ipl analysis rajasthan royals)
രാജസ്ഥാൻ റോയൽസ് ആണ് ഐപിഎലിൽ ഏറെ വലഞ്ഞ ടീം. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരങ്ങളിൽ തന്നെ അവർക്ക് പല വിദേശ താരങ്ങളെയും നഷ്ടമായിരുന്നു. പരുക്കേറ്റ ആർച്ചർ ടൂർണമെൻ്റ് തുടങ്ങുന്നതിനു മുൻപ് തന്നെ പിന്മാറി. ആദ്യ മത്സരത്തിൽ പരുക്കേറ്റ ബെൻ സ്റ്റോക്സ് പിന്നീട് നാട്ടിലേക്ക് മടങ്ങി. ബയോ ബബിൾ നിബന്ധനകൾ ബുദ്ധിമുട്ടാവുന്നെന്ന് ചൂണ്ടിക്കാട്ടി ആന്ദ്രൂ തൈയും ലിയാം ലിവിങ്സ്റ്റണും പിന്നീട് നാട്ടിലേക്ക് പോയി. രണ്ടാം പാദത്തിലും രാജസ്ഥാൻ്റെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല.
ആദ്യ പാദത്തിൽ ഇല്ലാതിരുന്ന സ്റ്റോക്സും ആർച്ചറും ടൈയും രണ്ടാം പാദത്തിലും കളിക്കില്ല. സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്തപ്പോൾ ആർച്ചറുടെ പരുക്ക് ഇതുവരെ ഭേദമായിട്ടില്ല. ടൈ ഐപിഎലിൽ നിന്ന് പിന്മാറി. ഇവർക്കൊപ്പം, കുഞ്ഞ് ജനിച്ച ജോസ് ബട്‌ലറും രണ്ടാം പാദത്തിൽ കളിക്കില്ല. രാജസ്ഥാൻ റോയൽസിൻ്റെ കോർ ആയിരുന്നു ഈ മൂന്ന് താരങ്ങൾ. അതേസമയം, ആദ്യ പാദത്തിൽ നാട്ടിലേക്ക് മടങ്ങിയ ലിവിങ്സ്റ്റൺ മടങ്ങിയെത്തി. ഗംഭീര ഫോമിലുള്ള ലിവിങ്സ്റ്റണിൽ രാജസ്ഥാന് പ്രതീക്ഷയുണ്ട്.
ആർച്ചർ, ടൈ, സ്റ്റോക്സ്, ബട്‌ലർ എന്നിവർക്ക് പകരം ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ്, ദക്ഷിണാഫ്രിക്കയുടെ ഒന്നാം നമ്പർ ടി-20 ബൗളർ തബ്രൈസ് ഷംസി, വിൻഡീസ് പേസർ ഒഷേൻ തോമസ്, വിൻഡീസ് ബാറ്റർ എവിൻ ലൂയിസ് എന്നിവരാണ് രാജസ്ഥാനിലെത്തിയത്. ഇവരിൽ ഒഷേൻ ഒഴികെ ബാക്കിയെല്ലാവരും മികച്ച താരങ്ങൾ തന്നെയാണ്. മുൻപ് രാജസ്ഥാനിൽ കളിച്ചിട്ടുള്ള താരമാണ് ഒഷേൻ. സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ഷംസി നിർണായക താരമാവാനിടയുണ്ട്. ടോപ്പ് ഓർഡറിലെവിടെയും കളിക്കുന്ന ഗ്ലെൻ ഫിലിപ്സ് കിവീസ് നിരയിലെ ഏറെ ശ്രദ്ധേയനായ യുവതാരമാണ്. അടുത്തിടെ അവസാനിച്ച കരീബിയൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം റൺസ് നേടിയവരിൽ രണ്ടാം സ്ഥാനത്തായിരുന്നു എവിൻ ലൂയിസ്. ഒരു സെഞ്ചുറിയും ലൂയിസ് നേടി.
ലൂയിസ്, ലിവിങ്സ്റ്റൺ, ഷംസി, മുസ്തഫിസുർ എന്നിവരാവും ടീമിലെ വിദേശികൾ. ലൂയിസിനു പകരം ഗ്ലെൻ ഫിലിപ്സ് കളിക്കാൻ ഇടയുണ്ട്. ഷംസിക്ക് പകരം മോറിസിന് ഇടം ലഭിച്ചേക്കാനും സാധ്യതയുണ്ട്. അതേസമയം, ആദ്യ പാദത്തിൽ ചില മികച്ച പ്രകടനങ്ങൾ നടത്തിയ ഡേവിഡ് മില്ലർ ലിവിങ്സ്റ്റണു പകരം ടീമിലെത്താനും ഇടയുണ്ട്. എന്തായാലും അവസാന ഇലവനെ തിരഞ്ഞെടുക്കാൻ മാനേജ്മെൻ്റ് ബുദ്ധിമുട്ടുമെന്നുറപ്പ്.
സെപ്തംബർ 21 ചൊവ്വാഴ്ച പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാൻ്റെ ആദ്യ മത്സരം.