ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഈ വരുന്ന 19നാണ് ഐപിഎൽ പുനരാരംഭിക്കുക. ആദ്യ പാദത്തിൽ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് ടീമുകൾ രണ്ടാം പാദത്തിൽ കളത്തിലിറങ്ങുക. ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം അടക്കം നിരവധി കാരണങ്ങൾ ഇതിനുണ്ട്. ചില ടീമുകൾ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നതെങ്കിലും മറ്റു ചില ടീമുകൾ പകരക്കാരെ കണ്ടെത്തിയിട്ടുണ്ട്. (ipl analysis punjab kings)
മൂന്ന് മാറ്റങ്ങളുമായാണ് ലോകേഷ് രാഹുൽ നയിക്കുന്ന പഞ്ചാബ് കിംഗ്സ് യുഎഇയിൽ കളിക്കാനിറങ്ങുക. ഐപിഎലിൽ നിന്ന് പിന്മാറിയ ഓസീസ് ബൗളർമാരായ റൈലി മെരെഡിത്തിനും ഝൈ റിച്ചാർഡ്സണും പകരം ഒസീസ് ബൗളർ നഥാൻ എല്ലിസും ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദും കളിക്കും. പിന്മാറിയ ഇംഗ്ലണ്ട് താരം ഡേവിഡ് മലാനു പകരം ദക്ഷിണാഫ്രിക്കൻ ബാറ്റർ എയ്ഡൻ മാർക്രവും കളിക്കും. കളിച്ച ആദ്യ രാജ്യാന്തര ടി-20 മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിയ താരമാണ് എല്ലിസ്. ആദിൽ റഷീദാവട്ടെ വർഷങ്ങളായി ഇംഗ്ലണ്ടിൻ്റെ ഫസ്റ്റ് ചോയ്സ് ടി-20 സ്പിന്നറാണ്. ടി-20യിൽ മികച്ച റെക്കോർഡുള്ള മാർക്രം ശ്രീലങ്കക്കെതിരെ ഈയിടെ നടന്ന ടി-20 പരമ്പരയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് തൻ്റെ പാർട്ട് ടൈം കഴിവ് കൂടി പ്രകടിപ്പിച്ചിരുന്നു.
പഞ്ചാബ് കിംഗ്സിൻ്റെ പുതുക്കിയ സ്ക്വാഡ്: KL Rahul (c and WK), Chris Gayle, Mayank Agarwal, Nicholas Pooran, Mandeep Singh, Sarfaraz Khan, Deepak Hooda, Prabhsimran Singh, Mohammed Shami, Chris Jordan, Darshan Nalkande, Ravi Bishnoi, Murugan Ashwin, Arshdeep Singh, Harpreet Brar, Ishan Porel, Aiden Markram, Adil Rashid, Shahrukh Khan, Moises Henriques, Jalaj Saxena, Utkarsh Singh, Fabian Allen, Saurabh Kumar, Nathan Ellis
സെപ്തംബർ 21ന് രാജസ്ഥാൻ റോയൽസിനെതിരെ ദുബായിലാണ് പഞ്ചാബിൻ്റെ ആദ്യ മത്സരം. ആദ്യ പാദത്തിൽ 8 മത്സരങ്ങൾ കളിച്ച പഞ്ചാബിന് മൂന്ന് മത്സരങ്ങളിൽ മാത്രമേ വിജയിക്കാനായുള്ളൂ. കേവലം 6 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്.