തോൽവി ഐ പി എൽ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാക്കുമെന്നുള്ള തിരിച്ചറിവിൽ കൊൽക്കത്തയെ നേരിട്ട രാജസ്ഥാൻ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കുമ്പോൾ യശ്വസി ജയ്സ്വാളിനൊപ്പം ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും കൈയടി ഏറ്റുവാങ്ങുകയാണ് സഞ്ജു. 29 പന്തിൽ 48 റൺസ് നേടി പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് മാത്രമായിരുന്നില്ല ആ കൈയ്യടി. മറിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്സ്വാളിന് ബാറ്റ് ചെയ്യാൻ അവസരം കൊടുക്കാനായി സ്വാർത്ഥത വെടിഞ്ഞ് ബാറ്റ് വീശുകയായിരുന്നു സഞ്ജു.
രാജസ്ഥാന് വിജയിക്കാൻ 3 റൺസ് മാത്രം വേണ്ട സമയത്ത് ബാറ്റ് ചെയ്ത സഞ്ജു ഒരു ബൗണ്ടറിയടിച്ച് ഫിഫ്റ്റി നേടാൻ നോക്കാതെ പന്ത് ഡിഫന്റ് ചെയ്ത് 94 റൺസിൻ നിന്നിരുന്ന ജയ്സ്വാളിന് സെഞ്ച്വറി നേടാൻ അവസരം നൽകുകയായിരുന്നു. സിക്സ് നേടി കളി ജയിപ്പിച്ച് സെഞ്ച്വറി കുറിക്കാൻ ആവേശത്തോടെ യശ്വസിയോട് പറയുന്ന സഞ്ജുവിനെ സ്ക്രീനിൽ കണ്ട ആരാധകരും കൈയടിച്ചു. എന്നാൽ ഫോർ നേടി 98 റൺസിലെത്താനേ ജയ്സ്വാളിനായുള്ളൂ.
ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അക്ഷരാർത്ഥത്തിൽ തകർത്തെറിയുകയായിരുന്നു സഞ്ജുവിന്റെ രാജസ്ഥാൻ. വിജയിച്ചാൽ മൂന്നാം സ്ഥാനം ഉറപ്പാണെന്ന കണക്കുകൂട്ടലിൽ ആഞ്ഞടിച്ച രാജസ്ഥാൻ താരം യശ്വസി ജയ്സ്വാളും ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്ത സഞ്ജുവും ചേർന്ന് നിഷ്പ്രയാസം കൊൽക്കത്ത ഉയർത്തിയ 149 റൺസ് മറികടക്കുകയായിരുന്നു.
രാജസ്ഥാന്റെ യശ്വസി ജയ്സ്വാൾ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. 13 പന്തിലാണ് താരം അർധ സെഞ്ച്വറി സ്വന്തമാക്കിയത്. ബൗണ്ടറി നേടി വിജയറൺസ് കുറിച്ച താരം 47 പന്തിൽ നിന്ന് 98 റൺസാണ് അടിച്ചുകൂട്ടിയത്. പതിയെ തുടങ്ങിയ സഞ്ജു പിന്നീട് വെടിക്കെട്ട് പുറത്തെടുത്ത് 29 പന്തിൽ 48 റൺസ് നേടി പുറത്താവാതെ നിന്നു. റൺസൊന്നുെടുക്കാതെ റണ്ണൗട്ടായ ജോസ് ബട്ട്ലർ ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും 9 വിക്കറ്റിന്റെ ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.
മത്സരത്തിന്റെ ആദ്യ പന്തു മുതൽ ആക്രമണം അഴിച്ച് വിട്ട രാജസ്ഥാൻ ഓപ്പണർ ജയ്സ്വാൾ, കെ.എൽ രാഹുലിന്റെ 14 പന്തിലെ അർധ സെഞ്ച്വറി റെക്കോർഡാണ് മറികടന്നത്. 2018ലായിരുന്നു രാഹുലിന്റെ വെടിക്കെട്ട്. കഴിഞ്ഞ ഐ പി എല്ലിൽ കൊൽക്കത്ത താരം പാറ്റ് കമ്മിൻസ് മുംബൈയ്ക്കെതിരെയും 14 പന്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു.
ഇന്നത്തെ രാജസ്ഥാൻ – കൊൽക്കത്ത മത്സരത്തിൽ രാജസ്ഥാന്റെ മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറെറിഞ്ഞ ക്യാപ്റ്റൻ നിതീഷ് റാണയ്ക്കെതിരെ വെടിക്കെട്ട് ബാറ്റിങ്ങാണ് ജയ്സ്വാൾ നടത്തിയത് .ആദ്യ ഓവറിൽ തന്നെ 26 റൺസാണ് പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ്
നേടിയത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് കെകെആറിന് വേണ്ടി 42 പന്തിൽ 57 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് തിളങ്ങിയത്. മറ്റാർക്കും കാര്യമായി തിളങ്ങാനാവാതെ പോയ മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് കൊൽക്കത്ത നേടിയത്.
രാജസ്ഥാൻ റോയൽസ് താരം യുസ്വേന്ദ്ര ചഹൽ ഇന്ത്യൻ പ്രിമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളറാവുകയും ചെയ്തു. 144 മത്സരങ്ങളിൽ നിന്ന് 186 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ നിതീഷ് റാണയെ ഔട്ടാക്കിയതോടെയാണ് ചഹൽ ഈ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്.
നിതീഷ് റാണയെ പുറത്താക്കിയതോടെ താരത്തിന്റെ വിക്കറ്റ് നേട്ടം 184ൽ എത്തി. തുടർന്ന് വെങ്കിടേഷ് അയ്യരുടെയും ഷർദുൽ താക്കൂറിന്റെയും വിക്കറ്റുകൾ കൂടി പിഴുതാണ് വിക്കറ്റ് നേട്ടം 186ൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തോടെ 183 വിക്കറ്റുകളെന്ന സി.എസ്.കെയുടെ ഡെയിൻ ബ്രാവോയുടെ നേട്ടത്തിനൊപ്പം ചഹൽ എത്തിയിരുന്നു. 161 മത്സരങ്ങളിൽ നിന്നാണ് ബ്രാവോ ഇത്ര വിക്കറ്റുകൾ നേടിയതെങ്കിൽ 144 മത്സരം കളിച്ചാണ് ചഹൽ റെക്കോർഡ് മറികടന്നത്.
ചഹലിന് പിറകിലുള്ളത് മുംബൈ ഇന്ത്യൻസ് താരം പിയൂഷ് ചാവ്ലയാണ് (174 വിക്കറ്റ്). ലഖ്നൗ സൂപ്പർ ജയൻറ്സിന്റെ അമിത് മിശ്ര (172), രാജസ്ഥാൻ റോയൽസിന്റെ രവി ചന്ദ്രൻ അശ്വിൻ (171), രാജസ്ഥാൻ ബൗളിംഗ് കോച്ച് ലസിത് മലിംഗ (170) എന്നിവരാണ് വിക്കറ്റ് വേട്ടയിൽ തുടർന്നുള്ള സ്ഥാനങ്ങളിലൊന്നത്.