ഐപിഎലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോര്. മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7.30നാണ് മത്സരം. 11 മത്സരങ്ങളിൽ 4 ജയം സഹിതം 8 പോയിൻ്റുള്ള കൊൽക്കത്ത പട്ടികയിൽ 9ആമതും 10 മത്സരങ്ങളിൽ രണ്ട് ജയം സഹിതം 4 പോയിൻ്റുള്ള മുംബൈ 10ആം സ്ഥാനത്തുമാണ്. ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ പാറ്റ് കമ്മിൻസിൻ്റെ റെക്കോർഡ് ഫിഫ്റ്റിയുടെ ബലത്തിൽ കൊൽക്കത്ത വിജയിച്ചിരുന്നു.
ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ കൂറ്റൻ പരാജയം നേരിട്ടാണ് കൊൽക്കത്തയുടെ വരവ്. പരീക്ഷിച്ചിട്ടും പരീക്ഷിച്ചിട്ടും ശരിയാവാത്ത ബാറ്റിംഗ് നിര ഒരിക്കൽ കൂടി ചതിച്ചപ്പോൾ കഴിഞ്ഞ കളിയിൽ കൊൽക്കത്ത തോറ്റത് 75 റൺസിന്. ഇനിയും ശരിയാവാത്ത ബാറ്റിംഗ് നിര തന്നെയാണ് കൊൽക്കത്തയുടെ തലവേദന. ഓപ്പണിംഗിൽ പലരെയും മാറ്റിപ്പരീക്ഷിച്ചു. പക്ഷേ, രക്ഷയില്ല. ആന്ദ്രേ റസലും ശ്രേയാസ് അയ്യരും മാത്രമാണ് സ്ഥിരതയോടെ കളിക്കുന്നത്. ബൗളിംഗ് നിര തരക്കേടില്ല. ഉമേഷ് യാദവ്, ടിം സൗത്തി, സുനിൽ നരേൻ എന്നിവരൊക്കെ ഭേദപ്പെട്ട പ്രകടനങ്ങൾ കളിക്കുന്നു. ടീമിൽ ഇന്നും മാറ്റങ്ങളുണ്ടായേക്കും.
മറുവശത്ത് തുടരെ 8 മത്സരങ്ങൾ പരാജയപ്പെട്ടതിനു ശേഷം അവസാനം കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് മുംബൈയുടെ വരവ്. കഴിഞ്ഞ കളി ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന ഓവറിൽ 9 റൺസ് പ്രതിരോധിച്ച് നേടിയ ജയം അവർക്ക് തീർച്ചയായും ആത്മവിശ്വാസം നൽകും. ഇഷാൻ കിഷൻ, രോഹിത് ശർമ്മ എന്നിവർ ഫോമിലേക്ക് മടങ്ങിയെത്തിയത് അവർക്ക് ആശ്വാസമാണ്. ബൗളിംഗിൽ ഇപ്പോഴും പരാധീനതകളുണ്ടെങ്കിലും മുംബൈ ആത്മവിശ്വാസത്തിലാണ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.