ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡാൽഹി ക്യാപിറ്റൽസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ഷാർജയിലും രാത്രി 7.30ന് അബുദാബിയിലുമാണ് മത്സരങ്ങൾ. (kkr dc mi pbks)
പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്തയും രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും ഏറ്റുമുട്ടുമ്പോൾ ഡൽഹിക്ക് തന്നെയാണ് സാധ്യത കൂടുതൽ. ഡൽഹിയുടെ ബാറ്റിംഗ് വിഭാഗവും ബൗളിംഗ് വിഭാഗവും ഫോമിലാണ്. എല്ലാ മത്സരത്തിലും ഓരോ മാച്ച് വിന്നർമാർ ഉണ്ടാവുന്നു. സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റ് ആണ് ഡൽഹിയുടേത്. ഇതിനൊപ്പം പിടിച്ചുനിൽക്കാൻ കൊൽക്കത്ത നന്നായി വിയർപ്പൊഴുക്കേണ്ടിവരും. പുതുതായി ഓപ്പണിംഗിലെത്തിയ വെങ്കടേഷ് അയ്യർ പ്രതീക്ഷ നൽകുന്നെങ്കിലും നോർക്കിയയും റബാഡയുമടങ്ങുന്ന പേസ് ആക്രമണം അതിജീവിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. പരുക്കേറ്റ ഓൾറൗണ്ടർ ആന്ദ്രേ റസൽ ഇന്ന് കളിക്കാൻ ഇറങ്ങിയേക്കില്ല. ഇത് കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടിയാവും. റസലിനു പകരം ഷാക്കിബ് അൽ ഹസൻ കളിക്കും. ഡൽഹിയിൽ മാർക്കസ് സ്റ്റോയിനിസ് ഇന്നും പുറത്തിരിക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവ് സ്മിത്ത് ടീമിലെത്താനിടയുണ്ട്. ഇന്ന് ഡൽഹി ജയിച്ചാൽ അവർ ഒന്നാം സ്ഥാനത്തെത്തും. കൊൽക്കത്ത വിജയിച്ചാൽ നാലാം സ്ഥാനത്ത് അവർ കൂടുതൽ കരുത്തോടെ ഇരിപ്പുറപ്പിക്കും.
നാലാം സ്ഥാനത്തിനുള്ള പോരാട്ടത്തിൽ സജീവമായി നിൽക്കുന്ന ടീമുകളാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും. ഇരു ടീമുകൾക്കും 10 മത്സരങ്ങളിൽ നിന്ന് 8 പോയിൻ്റുണ്ട്. ആദ്യത്തെ കളിയിൽ കൊൽക്കത്ത പരാജയപ്പെട്ടാൽ ഈ കളി ജയിക്കുന്നയാൾ നാലാം സ്ഥാനത്തെത്തും. അതിനാൽ ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.
മധ്യനിര ഫോമിൽ അല്ലാത്തതാണ് മുംബൈക്ക് തിരിച്ചടി ആയിരിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ ഒഴികെ മറ്റാരും ബാറ്റിംഗിൽ തിളങ്ങുന്നില്ല. വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്ക് മാത്രമാണ് കുറച്ചെങ്കിലും ഫോമിലുള്ളത്. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കൃണാൽ പാണ്ഡ്യ, കീറോൺ പൊള്ളാർഡ് എന്നിവരൊക്കെ ഫോം ഔട്ടാണ്. രണ്ടാം പാദത്തിൽ ആദ്യമായി കഴിഞ്ഞ മത്സരത്തിൽ കളിച്ച ഹർദ്ദികിന് തിളങ്ങാൻ കഴിഞ്ഞതുമില്ല. മധ്യനിര ഫോമിലെത്തിയെങ്കിൽ മാത്രമേ മുംബൈക്ക് മുന്നോട്ടുപോക്ക് സാധ്യമാവൂ.
പഞ്ചാബ് കിംഗ്സും സമാന പ്രതിസന്ധിയിലാണ്. മായങ്ക് അഗർവാളും ലോകേഷ് രാഹുലും കഴിഞ്ഞാൽ ഫോമിലുള്ള താരങ്ങളില്ല. മുഹമ്മദ് ഷമിയും അർഷ്ദീപ് സിംഗും രവി ബിഷ്ണോയും അടക്കമുള്ള ബൗളിംഗ് നിര ഫോമിലാണെങ്കിലും ക്രിസ് ഗെയിൽ, നിക്കോളാസ് പൂരാൻ, ദീപക് ഹൂഡ എന്നിവരൊന്നും ഫോമിൽ അല്ല.