തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിനൊരുങ്ങി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരത്ത് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. 24 മണിക്കൂറിനുള്ളില്‍ 48 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 7.30 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.
ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റുകളുടെ വില്‍പ്പന. കെസിഎ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ്(www.insider.in, paytm.com, keralacricketassociation.com) എന്നിവ വഴിയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 1000,2000,3000,5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ ജി.എസ്.ടിയും കേരള പ്രളയ സെസും ഉള്‍പ്പടെയാണ് ഈ തുക. ഒരാള്‍ക്ക് ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്ബറില്‍ നിന്നും ആറ് ടിക്കറ്റ് വരെ ബുക്ക് ചെയ്യാം.
വിദ്യാര്‍ഥികള്‍ക്കായി 1000 രൂപയുടെ ടിക്കറ്റുകള്‍ 500 രൂപ നിരക്കില്‍ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ് നല്‍കുകയും ഇതേ ഐ.ഡി സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. മറ്റുള്ളവര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനായി ഏതെങ്കിലും ഫോട്ടോ പതിച്ച ഒരു ഐ.ഡികാര്‍ഡ് പരിശോധനയ്ക്ക് വിധേയമാക്കണം. മത്സരത്തിനായുള്ള ടിക്കറ്റുകള്‍ അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്.