Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തത് ഗാംഗുലി; സഞ്ജുവിന് ഇടമില്ല

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള തൻ്റെ ടീമിനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. മികച്ച യുവതാരങ്ങളെ ഒഴിവാക്കിയാണ് ഗാംഗുലി ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മുൻ ബിസിസിഐ അധ്യക്ഷൻ തൻ്റെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തത്.

രോഹിത് ശർമയെയും ശുഭ്മാൻ ഗില്ലിനെയും ടീമിന്റെ ഓപ്പണർമാരായി ഗാംഗുലി തെരഞ്ഞെടുത്തു. മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ കളിക്കും. വിരാട് കോലി നാലാം നമ്പറിലും ശ്രേയസ് അയ്യർ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യും. അതേസമയം ആറാം നമ്പറിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ രാഹുലിനെയാണ് ദാദ തെരഞ്ഞെടുത്തത്. കൂടാതെ സൂര്യകുമാർ യാദവിനും ടീമിൽ അവസരം നൽകി. സഞ്ജു സാംസൺ, പ്രശസ്ത് കൃഷ്ണ, തിലക് വർമ്മ എന്നിവരെ ഒഴിവാക്കിയത് ശ്രദ്ധേയമാണ്.

ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരെയാണ് സൗരവ് ഗാംഗുലി ലോകകപ്പിനുള്ള ഓൾറൗണ്ടർമാരായി തെരഞ്ഞെടുത്തത്. കുൽദീപ് യാദവിലും തനിക്ക് പ്രതീക്ഷയുണ്ടെന്ന് ദാദ പറയുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാർദുൽ താക്കൂർ എന്നിവർ ഫാസ്റ്റ് ബൗളർമാരായി മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്.