ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് രോഹിത് ശര്‍മ പരിശീലനം ആരംഭിച്ചു. കൊവിഡില്‍ നിന്ന് മുക്തനായ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായാണ് പരിശീലനം ആരംഭിച്ചത്. രവിചന്ദ്ര അശ്വിന്, ഉമേഷ് യാദവ് എന്നിവരുടെ പന്തുകളില്‍ പരിശീലനം നടത്തുന്ന രോഹിതിന്റെ വിഡിയോ ബി.സി.സി.ഐ പുറത്തുവിട്ടു.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കൊവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് രോഹിത്തിന് നഷ്ടമായിരുന്നു. ടെസ്റ്റ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിതിന് രോഗം സ്ഥിരീകരിച്ചത്. ഇത്രയും ദിവസം ഐസൊലേഷനില്‍ കഴിഞ്ഞ രോഹിത് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്ക് സന്തോഷം പകരുന്നു. ഇംഗ്ലണ്ടിനെതിരേ മൂന്ന് വീതം ട്വന്റി 20 മത്സരങ്ങളിലും ഏകദിനങ്ങളിലുമാണ് ഇന്ത്യ മത്സരിക്കുന്നത്. ജൂലായ് ഏഴിന് നടക്കുന്ന ട്വന്റി 20 മത്സരത്തിലൂടെ പരമ്പര ആരംഭിക്കും.
അതേസമയം എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതാനുള്ള ഇന്ത്യൻ സ്വപ്നങ്ങൾക്കു മുന്നിൽ വിലങ്ങുതടിയായി ജോ റൂട്ട്-ജോണി ബെയർസ്റ്റോ കൂട്ടുകെട്ട്. ഒരു ദിവസം ബാക്കി നിൽക്കേ 7 വിക്കറ്റ് കൈശമുള്ള ഇംഗ്ലണ്ടിന് വേണ്ടത് വെറും 119റൺസ് കൂടി മതി. ജോ റൂട്ട്(76), ജോണി ബെയർസ്റ്റോ(72) എന്നിവരാണ് ക്രീസിൽ. 109 ന് മൂന്ന് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ ഇരുവരും ചേർന്ന പിരിയാത്ത 150 റൺസ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. അഞ്ചാം ദിനം മഴ പെയ്യുകയോ ഇന്ത്യൻ താരങ്ങൾ അത്ഭുതം കാണിക്കുകയോ ചെയ്തില്ലെങ്കിൽ പരപമ്പര സമനിലയിലാകും. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.