Cricket

ശാനകയുടെ ഒറ്റയാൾ പോരാട്ടം പാഴായി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. 67 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 374 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ സാധിച്ചുള്ളൂ. 88 പന്തുകളിൽ 2 ബൗണ്ടറിയും 3 സിക്സറും സഹിതം 108 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദസുൻ ശാനക ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഉമ്രാൻ മാലിക് 3 വിക്കറ്റ് വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. തകർത്തെറിഞ്ഞ മുഹമ്മദ് സിറാജിനു മുന്നിൽ അവിഷ്ക ഫെർണാണ്ടോയും (5) കുശാൽ മെൻഡിസും വീണപ്പോൾ സ്കോർ ബോർഡിൽ വെറും 23 റൺസ്. മൂന്നാം വിക്കറ്റിൽ ചരിത് അസലങ്കയും പാത്തും നിസങ്കയും ചേർന്ന് 41 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അസലങ്കയെ (23) പുറത്താക്കിയാണ് ഉമ്രാൻ മാലിക്ക് തൻ്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മികച്ച രീതിയിൽ ബാറ്റ് വീശിയ നിസങ്കയ്ക്കൊപ്പം നാലാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവ എത്തിയതോടെ ശ്രീലങ്ക തകർച്ച ഒഴിവാക്കി. ആക്രമിച്ചുകളിച്ച ഡിസിൽവ നിസങ്കയ്ക്കൊപ്പം 72 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 40 പന്തുകളിൽ 47 റൺസെടുത്ത ഡിസിൽവയെ പുറത്താക്കിയ ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതിനിടെ 57 പന്തുകളിൽ നിസങ്ക ഫിഫ്റ്റി തികച്ചു.

ആറാം നമ്പറിലെത്തിയ ക്യാപ്റ്റൻ ദസുൻ ശാനക സാവധാനമാണ് തുടങ്ങി. ഇതിനിടെ നിസങ്കയെ (72) ഉമ്രാൻ മാലിക് മടക്കിഅയച്ചു. ഹസരങ്ക കൂറ്റനടികളുമായി കളി തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും 16 റൺസ് നേടിയ താരത്തെ ചഹാൽ പുറത്താക്കി. ദുനിത് വെല്ലെലെഗെയെ (0) പുറത്താക്കിയ ഉമ്രാൻ 3 വിക്കറ്റ് നേട്ടം തികച്ചു. ചമിക കരുണരത്നെയെ (14) ഹാർദിക് പാണ്ഡ്യ പുറത്താക്കിയതോടെ ശ്രീലങ്ക ഓൾ ഔട്ട് ആവാനുള്ള സാധ്യതയായി. എന്നാൽ, ഇതിനകം ആക്രമണ മോഡിലേക്കെത്തിയ ശാനക ഇന്ത്യൻ ബൗളർമാരെ നാലുപാടും പായിച്ചു. കസുൻ രാജിതയെ സംരക്ഷിച്ചുനിർത്തിയ ശാനക 50 പന്തുകളിൽ ഫിഫ്റ്റിയും 87 പന്തിൽ സെഞ്ചുറിയും നേടി. ഇന്നിംഗ്സിൻ്റെ അവസാന ഓവറിൽ ബൗണ്ടറിയടിച്ചാണ് ശാനക സെഞ്ചുറി തികച്ചത്. ഓവറിൽ ഷമി ശാനകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയെങ്കിലും (മങ്കാദിംഗ്) ക്യാപ്റ്റൻ രോഹിത് ശർമ അപ്പീൽ പിൻവലിച്ചു. 9ആം വിക്കറ്റിൽ ശാനകയും രാജിതയും ചേർന്ന് അപരാജിതമായ 100 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിൽ രാജിതയുടെ സംഭാവന വെറും 9 റൺസ്.