ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആവേശജയം. ശ്രീലങ്ക മുന്നോട്ടുവച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 69 റൺസെടുത്ത ദീപക് ചഹാർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (53), മനീഷ് പാണ്ഡെ (37), കൃണാൽ പാണ്ഡ്യ (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി വഹിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി.
അത്ര എളുപ്പമല്ലാത്ത വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ബൗണ്ടറികളോടെയാണ് ആരംഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ തുടർബൗണ്ടറികളുമായി ശ്രീലങ്കയെ വാരിക്കളഞ്ഞ പൃഥ്വി ഷാ കഴിഞ്ഞ കളിയിൽ നിർത്തിയ ഇടത്തു നിന്ന് തുടങ്ങി. എന്നാൽ, ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ തന്നെ സ്പിന്നറെ കൊണ്ട് എറിയിച്ച ശ്രീലങ്ക പൃഥ്വിയെ പൂട്ടി. 13 റൺസെടുത്ത യുവതാരം വഹിന്ദു ഹസരങ്കയുടെ പന്തിൽ ക്ലീൻ ബൗൾഡായി. കഴിഞ്ഞ കളിയിൽ ഫിഫ്റ്റിയടിച്ച്, ഏകദിന അരങ്ങേറ്റത്തിൽ ഫിഫ്റ്റി നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയ ഇഷാൻ കിഷനും ഇക്കുറി തിളങ്ങാനായില്ല. 1 റൺ മാത്രമെടുത്ത താരം കാസുൻ രജിതയുടെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി. മൂന്നാം വിക്കറ്റിൽ മനീഷ് പാണ്ഡെ-ശിഖർ ധവാൻ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ധവാനെ (29) വിക്കറ്റിനു മുന്നിൽ കുരുക്കിയ ഹസരങ്ക അതും തകർത്തു.
4ആം വിക്കറ്റിൽ മനീഷ് പാണ്ഡെയ്ക്കൊപ്പം സൂര്യകുമാർ യാദവ് എത്തിയതോടെ ഇന്ത്യയുടെ സ്കോർ ഉയർന്നു. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും ചേർന്ന് 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 31 പന്തുകളിൽ 37 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്തുവന്ന മനീഷ് പാണ്ഡെ ദൗർഭാഗ്യകരമായി റണ്ണൗട്ടായത് മത്സരത്തിലെ വഴിത്തിരിവായി. ഹർദ്ദിക് പാണ്ഡ്യ (0) വേഗം പുറത്തായി. ശേഷം മുംബൈ ഇന്ത്യൻസിലെ സഹതാരം കൃണാൽ പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യകുമാർ പട നയിച്ചു. 44 റൺസാണ് ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇതിനിടെ സൂര്യകുമാർ യാദവ് ഏകദിന കരിയറിലെ തൻ്റെ ആദ്യ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ സൂര്യ (53) ലക്ഷൻ സങ്കടൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.
7ആം വിക്കറ്റിൽ പൊരുതിക്കളിച്ച കൃണാൽ പാണ്ഡ്യക്കൊപ്പം ദീപക് ചഹാർ ക്രീസിലെത്തിയതോടെ വീണ്ടും ഇന്ത്യ മത്സരത്തിലേക്ക് തിരികെവന്നു. 33 റൺസാണ് ഇരുവരും ചേർന്ന് 7ആം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കൃണാലിനെ (35) ക്ലീൻ ബൗൾഡാക്കിയ ഹസരങ്ക ഈ കൂട്ടുകെട്ട് പൊളിച്ചു. 7 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എന്ന നിലയിൽ തോൽവിയുറപ്പിച്ച ഇന്ത്യയെ പിന്നീട് ദീപക് ചഹാർ ആണ് കൈപിടിച്ചുയർത്തിയത്. സാവധാനത്തിൽ ബാറ്റിംഗ് ആരംഭിച്ച ചഹാർ വൈകാതെ നിരന്തരം ബൗണ്ടറികൾ കണ്ടെത്തി. ഇതിനിടെ ഏകദിന കരിയറിലെ തൻ്റെ ആദ്യ ഫിഫ്റ്റിയും ചഹാർ കുറിച്ചു.
അവസാന രണ്ട് ഓവറിൽ 15 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 49ആം ഓവറിൽ 12 റൺസ് നേടിയ ഇന്ത്യ അവസാന ഓവറിലെ ആദ്യ പന്തിൽ ജയം കുറിച്ചു. 84 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് 8ആം വിക്കറ്റിൽ ദീപക് ചഹാർ-ഭുവനേശ്വർ കുമാർ സഖ്യം പടുത്തുയർത്തിയത്. ചഹാർ (69), ഭുവനേശ്വർ (19) എന്നിവർ പുറത്താവാതെ നിന്നു.