മഴമൂലം ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനല്‍ ഉപേക്ഷിക്കേണ്ടി വന്നതോടെ ഗ്രൂപ്പ് ജേതാക്കളെന്ന പരിഗണനയില്‍ ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു…
ടി20 വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് – ഇന്ത്യ സെമിഫൈനല്‍ മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ ഫൈനലില്‍. ആദ്യമായാണ് ഇന്ത്യ വനിതാ ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിന് അര്‍ഹത നേടുന്നത്. പോയിന്റ് നിലയിലുണ്ടായിരുന്ന മുന്‍തൂക്കമാണ് ഇന്ത്യക്ക് തുണയായത്.
മെല്‍ബണില്‍ പ്രാദേശിക സമയം വൈകീട്ട് മൂന്നിനാണ് ഇന്ത്യ ഇംഗ്ലണ്ട് മത്സരം നടക്കേണ്ടിയിരുന്നത്. മഴ കളി തടസപ്പെടുത്തിയതോടെ സെമി മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഫൈനലിന് മുമ്പ് റിസര്‍വ് ദിനം ഇല്ലാതിരുന്നതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. നേരത്തെ വനിതാ ടി20 ലോകകപ്പില്‍ മൂന്ന് തവണ ഇന്ത്യ സെമിഫൈനലിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ വനിതാ ലോകകപ്പില്‍ നേരത്തെ നടന്ന അഞ്ച് കളികളിലും ഇന്ത്യ തോറ്റിരുന്നു.
ദക്ഷിണാഫ്രിക്ക ആസ്ട്രേലിയ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ സിഡ്നിയില്‍ നടക്കുന്ന ഫൈനലില്‍ നേരിടുക. വ്യാഴാഴ്ച്ച നടക്കേണ്ട ദക്ഷിണാഫ്രിക്ക ആസ്ട്രേലിയ മത്സരത്തിനും മഴ ഭീഷണിയാകുന്നുണ്ട്. മഴമൂലം രണ്ടാം സെമിയും ഉപേക്ഷിക്കേണ്ടി വന്നാല്‍ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും.