ലോകകപ്പ് സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ജയം. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ 81 റൺസിൻ്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ഓപ്പണർ സ്മൃതി മന്ദനയും ബൗളിംഗിൽ പൂജ വസ്ട്രാക്കറും ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ സന്നാഹമത്സരത്തിലും ഇന്ത്യ ജയം കുറിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 258 റൺസെടുത്ത് ഓൾഔട്ടായപ്പോൾ 66 റൺസെടുത്ത സ്മൃതി മന്ദന ആയിരുന്നു ടോപ്പ് സ്കോറർ. ദീപ്തി ശർമ്മ (51), യസ്തിക ഭാട്ടിയ (42), മിതാലി രാജ് (30) എന്നിവരും ഇന്ത്യക്കായി മികച്ച സംഭാവനകൾ നൽകി. കൗമാര ഓപ്പണർ ഷഫാലി വർമ്മ (0) വീണ്ടും നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഹർമൻപ്രീത് കൗർ ബാറ്റിംഗിനിറങ്ങിയില്ല.
മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് വെല്ലുവിളിയാവാൻ വിൻഡീസിനു സാധിച്ചില്ല. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മാത്രമേ അവർക്ക് നേടാനായുള്ളൂ. 63 റൺസെടുത്ത ഷെമൈൻ കാംപ്‌ബെൽ ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഹെയ്ലി മാത്യൂസ് 44 റൺസെടുത്ത് പുറത്തായി. വേറെ ആർക്കും മികച്ച പ്രകടനം നടത്താനായില്ല. ഇന്ത്യക്കായി പൂജ വസ്ട്രാക്കർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മാർച്ച് നാലിനാണ് ലോകകപ്പ് ആരംഭിക്കുക. മാർച്ച് 6ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏപ്രിൽ മൂന്നിന് ഫൈനൽ മത്സരം നടക്കും.